/kalakaumudi/media/media_files/2025/12/24/unnav-2025-12-24-20-23-00.jpg)
ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസില്‍ പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് കുല്‍ദീപ് സിങ് നല്‍കിയ ഹര്‍ജിയില്‍ അന്തിമ തീര്‍പ്പാകുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നും അതിജീവിതയുടെ വീടിന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ പോകുകയോ അവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്യരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെ കുല്‍ദീപിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഡല്‍ഹി ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡല്‍ഹിയില്‍ കയ്യേറ്റത്തിനിരയായി. മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചതോടെ ഓടുന്ന ബസില്‍നിന്ന് തന്നെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തള്ളിയിട്ടെന്ന് അതിജീവിതയുടെ മാതാവ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി അതിജീവിതയും അമ്മയും അവരുടെ അഭിഭാഷകയായ യോഗിത ഭയാനയും ഇന്ത്യാ ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മാണ്ഡി ഹൗസില്‍ മാധ്യമങ്ങളെ കാണാന്‍ കുട്ടിയും അമ്മയും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം വന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മാണ്ഡി ഹൗസിനു മുന്നില്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ല.
ഇതേത്തുടര്‍ന്ന് അതിജീവിതയുടെ അമ്മ ബസിന്റെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോള്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൈമുട്ടു കൊണ്ട് അവരെ തട്ടുകയും ബസില്‍നിന്ന് ചാടാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥരും ബസിലുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥര്‍ തള്ളിയിടാന്‍ ശ്രമിച്ചതോടെ മാതാവിന് ബസില്‍നിന്ന് ചാടേണ്ടിവന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ബസ് നിര്‍ത്താതെ അതിജീവിതയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല. എന്റെ മകളെ അവര്‍ തടവിലാക്കിയിരിക്കുകയാണ്. അവര്‍ ഞങ്ങളെ കൊല്ലാന്‍ ആഗ്രഹിക്കുന്നെന്നാണ് തോന്നുന്നത്. സിആര്‍പിഎഫുകാര്‍ എന്നെ റോഡില്‍ തള്ളിയിട്ട ശേഷം മകളുമായി പോയി. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം അവസാനിപ്പിക്കാം. ഞങ്ങള്‍ പ്രതിഷേധിക്കാന്‍ പോകുകയായിരുന്നു. എന്നാല്‍ സിആര്‍പിഎഫുകാര്‍ അവളെ ബലമായി കൊണ്ടുപോയി'മാതാവ് മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, മാണ്ഡി ഹൗസിലോ ഇന്ത്യാ ഗേറ്റിലോ പ്രതിഷേധിക്കാന്‍ അനുമതിയില്ലെന്നും പകരം അതിജീവിതയെയും അമ്മയെയും ജന്തര്‍ മന്ദിറിലേക്കോ അവരുടെ വീട്ടിലേക്കോ കൊണ്ടുപോകുമെന്നും സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോടു പറഞ്ഞു. 2017ലാണ് അന്ന് 17 വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് പീഡിപ്പിച്ചത്. തുടര്‍ന്ന് 2019ല്‍ ഇയാള്‍ക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചു. അതിജീവിതയുടെ പിതാവിന്റെ മരണത്തിലും കുല്‍ദീപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പൊലീസും എംഎല്‍എയുടെ സഹോദരന്മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് മരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
