കുവൈത്തിൽ തീപിടിത്തമുണ്ടായ കെട്ടിട സമുച്ചയം
കുവൈത്ത് സിറ്റി: സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തൊഴിലാളി ക്യാമ്പിൽ തീപടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നിയമലംഘനങ്ങൾ പരിശോധിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു.
ഉടമയുടെ ഭാഗത്തു നിന്നും നിയമ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും അന്വേഷണം തീരുന്നതുവരെ കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡിയിൽ വയ്ക്കാനും ഉത്തരവിട്ടു. രാജ്യത്തെ വിവിധ കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവിൽ പറയുന്നുണ്ട്. കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കും. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജിതമാക്കി.