കുവൈത്തിലെ തീപിടിത്തം: വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക്; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

തീപിടിത്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചു.

author-image
Vishnupriya
New Update
namo

നരേന്ദ്ര മോദി പിണറായി വിജയൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കുവൈത്തിലെ മംഗഫില്‍ തൊഴിലാളി ക്യാമ്പിലെ  തീപിടിത്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് തന്റെ മനസ്സെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരുക്കേറ്റവരുടെ ആരോഗ്യം എത്രയും വേഗം മെച്ചപ്പെടുന്നതിനായി താൻ പ്രാർഥിക്കുമെന്നും അദ്ദേഹം അറിയിച്ചു. സാഹചര്യങ്ങൾ കുവൈത്തിലെ ഇന്ത്യൻ എംബസി നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നതായും പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. 

അതേസമയം, അപകട വിവരങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലേക്ക് പുറപ്പെട്ടു. തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമുള്ള വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

തീപിടിത്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചു.

അപകടത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളത്തെ ആകെ കരയിക്കുന്ന ദുരന്തമാണ് ഉണ്ടായത്. കുവൈത്തിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തിൽ മരണപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും വി.ഡി. സതീശൻ പറഞ്ഞു.

kuwait fire accident