പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കുവൈത്ത്. വന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി ധനമന്ത്രാലയം 2025 മുതല്‍ കോര്‍പ്പറേറ്റ് ലാഭത്തിന് 15% ശതമാനം നികുതി ഏര്‍പ്പെടുത്തും. പരമ്പരാഗതമായി എണ്ണ കയറ്റുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്ന സര്‍ക്കാരിന് ഈ നികുതി നടപ്പാക്കുന്നതിലൂടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.1.5 മില്യണ്‍ കുവൈത്ത് ദീനാറില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട സംരംഭങ്ങളെ ഒഴിവാക്കി പ്രാദേശിക, അന്താരാഷ്ട്ര ബഹുരാഷ്ട്ര കമ്പനികളെ ലക്ഷ്യം വെച്ചാണ് പുതിയ നികുതി അവതരിപ്പിക്കുന്നത്. 2025 ജനുവരി 1ന് ശേഷം സമ്പാദിക്കുന്ന ലാഭത്തിന് നികുതി ബാധകമാകുമെന്ന് കരട് നിയമം വിശദീകരിക്കുന്നു. 2027ല്‍ ആരംഭിക്കുന്ന ബിസിനസ്സുകളിലേക്കും ഇത് വ്യാപിപ്പിക്കും.
എണ്ണ ഇതര മേഖലകളില്‍ നിന്ന് രാജ്യത്തിന് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനായുള്ള കുവൈത്തിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് നികുതി മേഖലയിലെ ഈ പുതിയ നീക്കം.