![dAZ7sKP6joyP8f6gKahF](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/2024/12/22/ZYa0RdOfvcJ8LcWieIv6.webp)
MODI Photograph: (MODI)
കുവൈത്തിന്റെ പരമോന്നത ബഹുമതിയായ 'മുബാറക് അൽ കബീർ’ മെഡൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഞായറാഴ്ച സമ്മാനിച്ചു. പ്രധാനമന്ത്രിക്കു ലഭിക്കുന്ന 20-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.കുവൈത്തിലെ ദ്വിദിന സന്ദർശനവേളയിലാണ് പരമോന്നത സിവിലിയൻ ബഹുമതി നൽകി മോദിയെ രാജ്യം ആദരിച്ചത്. ശനിയാഴ്ച ലേബർ ക്യാമ്പുകൾ സന്ദർശിച്ച്, രാജ്യത്തെ ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പച്ചുകൊണ്ടാണ് പ്രധാനമന്ത്രി കുവൈറ്റ് സന്ദർശനത്തിന് തുടക്കമിട്ടത്.കുവൈത്ത് അമീറുമായും കിരീടാവകാശിയായ സബാഹ് അൽ ഖാലിദ് അൽ സബായുമായും ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത പ്രധാനമന്ത്രി, പ്രവാസികളായ ഇന്ത്യക്കാരുമായും ആശയവിനിമയം നടത്തി. 43 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്.സൗഹൃദത്തിൻ്റെ പ്രതീകമായി രാഷ്ട്രത്തലവന്മാർക്കും വിദേശ പരമാധികാരികൾക്കും കുവൈത്ത് നൽകിവരുന്ന അംഗീകാരമാണ് മുബാറക് അൽ കബീർ മെഡൽ. ബിൽ ക്ലിൻ്റൺ, ചാൾസ് രാജകുമാരൻ, ജോർജ്ജ് ബുഷ് തുടങ്ങിയവരെയാണ് മുൻപ് മുബാറക് അൽ കബീർ മെഡൽ നൽകി ആദരിച്ചിട്ടുള്ളത്.