ഭൂമി അഴിമതി; ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിക്കും തടവുശിക്ഷ

ട്രസ്റ്റിന് 18 കോടി പാകിസ്താന്‍ രൂപ ലഭിച്ചതായി പാക് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചതോടെയാണ് അഴിമതി പുറത്തായത്. രേഖകളില്‍ ഏകദേശം 85.2 ലക്ഷം പാകിസ്താന്‍ രൂപ മാത്രമാണ് ചെലവ് രേഖപ്പെടുത്തിയത്

author-image
Prana
New Update
IMRAN KHAN AND WIFE

അഴിമതി കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും തടവ് ശിക്ഷ. ഇമ്രാന് 14ഉും ബുഷ്റക്ക് ഏഴും വര്‍ഷമാണ് തടവ്.
അല്‍ ഖാദിര്‍ ട്രസ്റ്റ് ഭൂമി കേസില്‍ പാക്കിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതിയുടെ ശിക്ഷാ വിധി. 2023 ഡിസംബറില്‍ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാനും ഭാര്യക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.തോഷഖാന അഴിമതി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് നിലവില്‍ ഇമ്രാന്‍. ഇതിനു പുറമെയാണ് പുതിയ ശിക്ഷ.

അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ്

അല്‍ ഖാദിര്‍ സര്‍വകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസാണ് അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ്. 2021ല്‍ സ്ഥാപിതമായ അല്‍ ഖാദിര്‍ സര്‍വകലാശാല ഇമ്രാന്‍ ഖാന്റെ സ്വപ്ന പദ്ധതിയായിരുന്നു.സര്‍വകലാശാല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയും അവരുടെ അടുത്ത അനുയായികളായ സുല്‍ഫിക്കര്‍ ബുഖാരിയും ബാബര്‍ അവാനും ചേര്‍ന്ന് അല്‍ ഖാദിര്‍ പ്രോജക്ട് ട്രസ്റ്റ് രൂപീകരിച്ചത്. ഇവരെല്ലാം ട്രസ്റ്റില്‍ പങ്കാളികളാണ്. പഞ്ചാബിലെ ഝലം ജില്ലയിലെ തെഹ്സില്‍ സൊഹാവയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനാണ് ഇത് സ്ഥാപിച്ചത്.
രേഖകളില്‍ ട്രസ്റ്റിന്റെ ഓഫീസ് വിലാസം 'ബനി ഗാല ഹൗസ്, ഇസ്ലാമാബാദ്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് 2019ല്‍ ബുഷ്റ ബീബി ബഹ്രിയ ടൗണ്‍ എന്ന സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമായി കരാര്‍ ഒപ്പുവച്ചു. ഇടപാടിന്റെ ഭാഗമായി ബഹ്രിയ ടൗണില്‍ നിന്ന് 458 കനാല്‍, 4 മാര്‍ല 58 ചതുരശ്ര അടി ഭൂമി എന്നിവ ട്രസ്റ്റിന് ലഭിച്ചു. പാകിസ്താനില്‍ പ്രചാരത്തിലുള്ള ഭൂമി അളവാണ് കനാലും മാര്‍ലയും.
458 കനാല്‍ ഭൂമിയില്‍ 240 കനാല്‍ ബുഷ്റ ബീബിയുടെ അടുത്ത സുഹൃത്തായ ഫറാ ഗോഗിയുടെ പേരിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രി റാണാ സനാഉല്ല ആരോപിച്ചു. ഈ ഭൂമിയുടെ വില കുറച്ചുകാണിക്കുകയും ഇമ്രാന്‍ ഖാന്‍ തന്റെ വിഹിതം സര്‍വകലാശാലയുടെ പേരില്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളില്‍നിന്ന് ഫീസും ഈടാക്കിയിരുന്നു. ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ മറ്റ് ചില മന്ത്രിമാരും ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) സര്‍ക്കാരിന് അയച്ച 5000 കോടി രൂപ തട്ടിയെടുത്തതായാണ് ആരോപണം.
സര്‍വകലാശാല സ്ഥാപിക്കുന്നതിനായി സൊഹാവയിലെ മൗസ ബക്രലയില്‍ 458 കനാല്‍ ഭൂമിയുടെ രൂപത്തില്‍ അനര്‍ഹമായ ആനുകൂല്യം നേടിയതായും ഇവര്‍ക്കെതിരെ ആരോപണമുണ്ട്. പിന്നീട് ബ്രിട്ടനില്‍ തനിക്കെതിരായ കേസ് ഒതുക്കി തീര്‍ക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ മാലിക് റിയാസിന് ഇമ്രാന്‍ ഖാന്‍ 190 മില്യണ്‍ പൗണ്ട് നല്‍കിയതായും പാക് മുന്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ ആരോപിച്ചു. മാലിക് റിയാസും അല്‍ ഖാദിര്‍ ട്രസ്റ്റിനായി 100 ഏക്കറോളം സംഭവന നല്‍കിയിരുന്നു. ദേശീയ ഖജനാവില്‍നിന്നാണ് ഈ പണം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ നിര്‍മാണത്തിലിരിക്കുന്ന അല്‍-ഖാദിര്‍ സര്‍വകലാശാലയ്ക്കായി 2021-ല്‍ ട്രസ്റ്റിന് ദശലക്ഷക്കണക്കിന് തുക സംഭാവനയായി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 മെയ് അഞ്ചിന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍പേഴ്സണായ ഇമ്രാന്‍ ഖാന്‍ തന്നെയാണ് സര്‍വകലാശാല ഉദ്ഘാടനം ചെയ്തത്.
ട്രസ്റ്റിന് 18 കോടി പാകിസ്താന്‍ രൂപ ലഭിച്ചതായി പാക് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചതോടെയാണ് അഴിമതി പുറത്തായത്. രേഖകളില്‍ ഏകദേശം 85.2 ലക്ഷം പാകിസ്താന്‍ രൂപ മാത്രമാണ് ചെലവ് രേഖപ്പെടുത്തിയത്. ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടും വിദ്യാര്‍ഥികളില്‍നിന്ന് പണം ഈടാക്കുന്നത് എന്തിനെന്നും ചോദ്യമുയര്‍ന്നിരുന്നു.

 

imran khan