/kalakaumudi/media/media_files/2025/11/17/viet-2025-11-17-17-09-43.jpg)
ഹാനോയ് : വിയറ്റ്‌നാമിലെ പര്‍വതപാതയില്‍ മണ്ണിടിഞ്ഞ് യാത്രാ ബസിനു മുകളില്‍ വീണ് ആറ് പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. വിയറ്റനാമില്‍ കനത്ത മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഈ ആഴ്ച മുഴുവന്‍ കനത്ത മഴ തുടരുമെന്നാണ് പ്രവചനം.
വിയറ്റ്‌നാമിലെ ഉയര്‍ന്ന പ്രദേശങ്ങമായ ഖാന്‍ ലെ ചുരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഞായര്‍ വൈകിട്ട് ബസിന് മുകളിലേക്ക് മണ്ണും പാറകളും ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുത്തനെയുള്ള മലഞ്ചെരുവുകളിലൂടെ 33 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പാത വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. എന്നാല്‍ മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചിലിന് സാധ്യത കൂടുതലാണ്.
മണ്ണിടിച്ചിലില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. നിരവധി യാത്രക്കാര്‍ ഉള്ളില്‍ കുടുങ്ങി. കനത്ത മഴയില്‍ ചുരത്തിന്റെ ഇരുവശത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്താന്‍ മണിക്കൂറുകളോളം പാടുപെട്ടു. അര്‍ദ്ധരാത്രിക്ക് ശേഷം മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ബസിനടുത്ത് എത്താന്‍ സാധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു.
ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് തീരദേശ നഗരമായ നാ ട്രാങ്ങിലേക്കുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. 32 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലാവസ്ഥ ദുഷ്‌കരമായത് രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയര്‍ത്തി. രണ്ട് മൃതദേഹങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം ടൈഫൂണ്‍ കല്‍മേഗിയുടെ ആക്രമണത്തില്‍ തകര്‍ന്ന മധ്യ വിയറ്റ്‌നാമില്‍ കനത്ത മഴ തുടരുകയാണ്. മധ്യ വിയറ്റ്‌നാമിന്റെ ചില ഭാഗങ്ങളില്‍ ബുധനാഴ്ച വരെ 30-60 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നും ചില പ്രദേശങ്ങളില്‍ 85 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നുമാണ് പ്രവചനം. ഞായറാഴ്ച ഹ്യൂ നഗരത്തിലെ പര്‍വതപ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. വടക്കന്‍ വിയറ്റ്‌നാമില്‍ നിന്ന് തെക്കന്‍ വിയറ്റ്‌നാമിലേക്ക് പോകുന്ന പ്രധാന ഹൈവേ തടസപ്പെടുകയും നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
