യുഎസ് പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടശേഷം ഫ്ലോറിഡയിൽ ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗം കേട്ടുകൊണ്ട് വേദിയുടെ സമീപം ഒരു യുവതി നിന്നിരുന്നു. ഡോണൾഡ് ട്രംപിന്റെ മരുമകൾ ലാറ ട്രംപ്. വേദിയിൽ ട്രംപിന്റെ ഇടതുവശത്തായി ഭാര്യ മെലാനിയ ട്രംപ് സ്ഥാനമുറപ്പിച്ചപ്പോൾ വലതുവശത്തായി നിന്നത് ലാറ ട്രംപായിരുന്നു.
ട്രംപിന്റെ മകൾ ഇവാൻക നിന്ന സ്ഥാനത്താണ് ഇത്തവണ ലാറ ഇടംനേടിയത്. ‘ട്രംപിന്റെ വലംകൈയായ സ്ത്രീ’ എന്നാണ് യുഎസ് മാധ്യമങ്ങൾ ലാറയെ വിശേഷിപ്പിച്ചത്. ഡോണൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപിന്റെ പങ്കാളിയാണ് ലാറ. തിളങ്ങുന്ന കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലായിരുന്നു ട്രംപിന്റെ വിജയം ആഘോഷിക്കാൻ ലാറ എത്തിയത്.
ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ സജീവ സാന്നിധ്യമായിരുന്നു ലാറ ട്രംപ്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെല്ലാം റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ട്രംപിനു ശേഷം പ്രസംഗിച്ചതും ലാറ തന്നെയായിരുന്നു.
ഡോണൾഡ് ട്രംപിന്റെ മൂന്നാമത്തെ മകൻ എറിക്കിന്റെ ഭാര്യയാണ് ലാറ ട്രംപ്. 2008ലാണ് എറിക്കും ലാറയും പരിചയപ്പെട്ടത്. ആറുവർഷം നീണ്ട പ്രണയത്തിനു ശേഷം 2014ൽ വിവാഹിതരായി. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ എസ്റ്റേറ്റിൽ വച്ചായിരുന്നു വിവാഹം. ലാറ–എറിക് ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ഫോക്സ് ന്യൂസിൽ മാധ്യമപ്രവർത്തകയായിരുന്നു ലാറ. മാധ്യമപ്രവർത്തനം ഉപേക്ഷിച്ച ലാറ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാൻ പോകുന്നെന്ന് ഡോണള്‍ഡ് ട്രംപ് 2022ൽ പ്രഖ്യാപിച്ചപ്പോൾ മുതൽ അദ്ദേഹത്തിനു വേണ്ടി പ്രവർത്തനം ആരംഭിച്ചു. നിലവിൽ റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയുടെ കോ–ചെയർ പദവി വഹിക്കുകയാണ് ലാറ.
ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ വനിതാ വോട്ടർമാരെ സ്വാധീനിക്കാൻ ലാറയ്ക്കു സാധിച്ചെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണാർഥം നടത്തിയ ‘വിമൻ ഫോർ ട്രംപ്’ റാലിയെ നയിച്ചത് ലാറയായിരുന്നു.