ലബനന്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്. ഇസ്രയേലിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പ്രദേശത്തെ വീണ്ടും അശാന്തിയിലേക്ക് തള്ളിയിടുന്നത്. ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രയേല്‍ സേനയെ ലബനനില്‍ നിന്ന് പിന്‍വലിക്കണമായിരുന്നു. എന്നാല്‍, ഇസ്രയേല്‍ സേന ലെബനനില്‍ തുടരുകയാണ്. ഇതാണ് ഹിസ്ബുള്ളയെ പ്രകോപിപ്പിച്ചത്.
ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ നെയിം ഖാസിം.വെടിനിര്‍ത്തല്‍ ഡെഡ്‌ലൈന്‍ നീട്ടില്ലെന്നും നെയിം ഖാസിം വ്യക്തമാക്കി.മാത്രമല്ല,എത്രയും വേഗം ലെബനനില്‍ നിന്ന് പിന്മാറണമെന്നും നെയിം ഖാസിം ആവശ്യപ്പെട്ടു.ഇസ്രയേല്‍ 1350 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയെന്നും ഹിസ്ബുള്ള ആരോപിച്ചു.
കാലതാമസം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും ഖാസിം മുന്നറിയിപ്പ് നല്‍കി. തിരിച്ചടിയുടെ രീതിയും സമയവും തീരുമാനിക്കാനുള്ള അവകാശം ഹിസ്ബുളളക്ക് മാത്രമാണെന്നും ഖാസിം വ്യക്തമാക്കി.സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇസ്രയേലില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഎന്നിനോടും യുഎസിനോടും ഫ്രാന്‍സിനോടും ഹിസ്ബുള്ള ആവശ്യപ്പെട്ടു.ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിച്ചതോടെയാണ് ലെബനന്‍ വീണ്ടും പുകയാന്‍ തുടങ്ങിയത്. ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് ലെബനനില്‍ നിന്ന് വരുന്നത്.ഇസ്രയേല്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇസ്രയേലും ലെബനന്‍ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മിലാണ് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചത്.കരാര്‍ ലംഘിച്ച് ഇസ്രയേല്‍ നടത്തിയ വെടിവയ്പ്പില്‍ 22 സിവിലിയന്‍സ് കൊല്ലപ്പെട്ടു. ഇതോടെ ലബനന്‍ ജനത രോഷാകുലരാണ്.ഇസ്രയേല്‍ പ്രതിരോധ സേനയുമായി ലെബനനിലെ ജനങ്ങള്‍ ഏറ്റുമുട്ടി.വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.വെടിനിര്‍ത്തല്‍ ഡെഡ്‌ലൈന് ശേഷം ആയിരക്കണക്കിന് ആളുകള്‍ വീടുകളിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.ആളുകള്‍ തിരികെ വരുന്നത് തടയാനാണ് ആക്രമണം നടത്തിയത്.ഇസ്രയേല്‍ സേനയും ഐഡിഎഫും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ജനുവരി 26-ന് തെക്കന്‍ ലെബനനില്‍ നിന്ന് ലെബനന്‍ സേന പിന്മാറണമായിരുന്നു. എന്നാല്‍,വെടിനിര്‍ത്തല്‍ ഡെഡ് ലൈന്‍ കഴിഞ്ഞിട്ടും സേനയെ പിന്‍വലിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തയ്യാറായില്ല.ഇസ്രയേല്‍ സേന മുന്നറിയിപ്പ് നല്‍കിയിട്ടും ജനക്കൂട്ടം സംഘടിച്ച് പ്രതിഷേധിച്ചു.ഇതോടെ നിരായുധരായ ജനക്കൂട്ടത്തിനു നേരെ മെര്‍ക്കാവ ടാങ്കുകള്‍ ഉപയോഗിച്ച് ഇസ്രയേല്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ജനം ഇസ്രയേലിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഹിസ്ബുള്ള രക്തസാക്ഷികളെ പ്രകീര്‍ത്തിച്ചാണ് ജനം മുദ്രാവാക്യം വിളിച്ചത്.
അതിനിടെ, ഇസ്രയേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ളയും രംഗത്തെത്തി. വെടിനിര്‍ത്തല്‍ ഡെഡ്ലൈന്‍ നീട്ടുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ഹിസ്ബുള്ള തലവന്‍ നൈം ഖാസിം പറഞ്ഞത്.ലെബനന്‍ സര്‍ക്കാര്‍ ഡെഡ്ലൈന്‍ നീട്ടിയിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി ഹിസ്ബുള്ള എത്തിയത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിച്ചു. ഇസ്രയേല്‍ ലെബനനില്‍ നിന്ന് പിന്മാറണം. ഖാസിം പറഞ്ഞു.ഒരു ദിവസമല്ല,ഒരു സെക്കന്‍ഡ് പോലും വെടിനിര്‍ത്തല്‍ നീട്ടുന്നതിനോട് യോജിക്കാനാവില്ലെന്നും ഹിസ്ബുള്ള തലവന്‍ വ്യക്തമാക്കി.അതിനിടെ,ഗസയിലും ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിലവില്‍ വന്ന് കൃത്യം ഒരാഴ്ച പിന്നിടുമ്പോഴാണ് ഇസ്രയേലിന്റെ കരാര്‍ ലംഘനം. വടക്കന്‍ ഗസയിലെ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ ശ്രമിച്ച പലസ്തീനികള്‍ക്ക് നേരെയാണ് ഇസ്രയേല്‍ സേന വെടിയുതിര്‍ത്തത്. വടക്കന്‍ ഗസയിലേക്ക് തിരിച്ചുവരാനായി ആയിരക്കണക്കിന് പലസ്തീനികളാണ് അല്‍ റാഷിദ് സ്ട്രീറ്റില്‍ തടിച്ചുകൂടിയത്.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടി നിര്‍ത്തല്‍ കരാര്‍ പ്രകാരം വടക്കന്‍ ഗാസ മുനമ്പിലേക്ക് ആയിരക്കണക്കിന് ആളുകള്‍ മടങ്ങാനിരിക്കെയാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ടത്.ഇസ്രയേല്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ 12 പലസ്തീനികള്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം അറിയിച്ചിരുന്നു.ഗാസയില്‍ ആക്രമണം തുടരാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം.ഹമാസുമായുള്ള രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയമായാല്‍ ആക്രമണം പുനരാരംഭിക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. 15 മാസത്തില്‍ 47,000 ഗാസ നിവാസികളെ കൊന്നൊടുക്കിയ ആക്രമണത്തിന് കഴിഞ്ഞ ഞായറാഴ്ചയാണ് താല്‍ക്കാലിക വിരാമമായത്.