ലിയാം പെയിന്റേത് ആത്മഹത്യയല്ല; മൂന്നുപേരെ സംശയം

അര്‍ജെന്റീനയില്‍ കാമുകിക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ താരത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

author-image
Vishnupriya
New Update
as

ആഴ്ചകള്‍ക്കു മുമ്പാണ് വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിനിന്റെ മരണ വാര്‍ത്തെയെത്തിയത്. അര്‍ജെന്റീനയില്‍ കാമുകിക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ താരത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലിയാം ആത്മഹത്യ ചെയ്തതാണെന്ന വാര്‍ത്തകള്‍ പരന്നതിനു പിന്നാലെയാണ് അര്‍ജെന്റീനന്‍ അതികൃതര്‍ പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്.

സ്വയം പരിക്കേല്‍പ്പിച്ചതോ പുറത്തുനിന്നുള്ള അക്രമണമോ അല്ല മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം വീഴ്ചയിലുണ്ടായ അതീവ ഗുരുതരമായ പരിക്കുകളും ആന്തരികവും ബാഹ്യവുമായ രക്തസ്രാവവുമാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒന്നിലധികം മയക്കുമരുന്നുകളുടെ സാന്നിധ്യം ശരീരത്തില്‍ ഉണ്ടായിരുന്നതായി പുറത്തുവന്ന ടോക്‌സിക്കോളജി റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് മുന്‍പ് അക്രമാസക്തനായി കാണപ്പെട്ട ലിയാമിനെ ഹോട്ടല്‍ ജീവനക്കാര്‍ തിരികെ മുറിയിലേക്ക് മാറ്റിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു.

ലിയാമിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ലിയാമിന് മയക്കുമരുന്ന് എത്തിച്ചയാള്‍, ഹോട്ടല്‍ ജീവനക്കാരന്‍, ലിയാമുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നയാള്‍ എന്നിവരാണ് നിലവില്‍ സംശയത്തിന്റെ നിഴലിലുള്ളത്. ഇവര്‍ക്ക് അര്‍ജന്റീനയില്‍ നിന്ന് പുറത്ത് പോകാനും വിലക്കുണ്ട്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ലിയാമിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.

ലിയാമിനൊപ്പം അവധി ആഘോഷിക്കാനെത്തിയ കാമുകി കെയിറ്റ് കാസിഡി ഒക്ടോബര്‍ 14-ന് തിരിച്ചുപോയെങ്കിലും ലിയാം അര്‍ജന്റീനയില്‍ തുടരുകയായിരുന്നു.

liam payne death