'നെഗറ്റീവ് ജി'യില്‍ കുടുങ്ങിയതോ? ചര്‍ച്ചയായി തേജസ് ദുരന്തം

വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളില്‍ ഉപയോഗിക്കുന്ന അതിസങ്കീര്‍ണ്ണമായ തന്ത്രമാണ് 'നെഗറ്റീവ് ജി' മാന്വേവര്‍. ഇതില്‍ ജി എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെയാണ്.

author-image
Biju
New Update
tek

ന്യൂഡല്‍ഹി: ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണതിന് പിന്നില്‍ 'നെഗറ്റീവ് ജി' അഭ്യാസ പ്രകടനത്തിനിടെ പൈലറ്റിനുണ്ടായ പ്രശ്നങ്ങളാകാമെന്ന് സൂചന. അഭ്യാസം നടത്തുന്നതിനിടെ നിയന്ത്രണം വീണ്ടെടുക്കാന്‍ പൈലറ്റിന് സാധിക്കാതിരുന്നത് അപകടത്തിലേക്ക് നയിച്ചെന്നാണ് പ്രാഥമികമായി കരുതുന്നത്.

വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളില്‍ ഉപയോഗിക്കുന്ന അതിസങ്കീര്‍ണ്ണമായ തന്ത്രമാണ് 'നെഗറ്റീവ് ജി' മാന്വേവര്‍. ഇതില്‍ ജി എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെയാണ്. ഒരുവസ്തുവിന്റെ ഭാരം അല്ലെങ്കില്‍ ത്വരണം ഗുരുത്വാകര്‍ഷണത്തിന്റെ യൂണിറ്റില്‍ അളക്കുന്നതിനെയാണ് ഇത്  സൂചിപ്പിക്കുന്നത്. 

യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനത്തില്‍ രണ്ടുതരത്തിലുള്ള ഗുരുത്വാകര്‍ഷണ ബലത്തിന്റെ സവിശേഷതകളെ അതിജീവിക്കേണ്ടിവരും. പോസിറ്റീവ് ജി, നെഗറ്റീവ് ജി എന്നിവയാണത്.

വിമാനം പൈലറ്റ് കുത്തനെ മുകളിലേക്ക് ഉയര്‍ത്തുമ്പോഴൊ തിരിയുകയോ ചെയ്യുമ്പോള്‍ ഗുരുത്വാകര്‍ഷണ ബലത്തിന് സമാനമായി പൈലറ്റിനെ സീറ്റിലേക്ക് താഴോട്ട് അമര്‍ത്തുന്ന ശക്തിയാണ് പോസിറ്റീവ് ജി. ഇത് രക്തയോട്ടം തലച്ചോറില്‍നിന്ന് കാലുകളിലേക്ക് തള്ളിവിടുന്നു.

പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം താഴേക്ക് കുത്തനെ കൊണ്ടുവരുമ്പോള്‍ ഗുരുത്വാകര്‍ഷണത്തിന്റെ എതിര്‍ദിശയില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാണ് നെഗറ്റീവ് ജി. ഇങ്ങനെ ചെയ്യുമ്പോള്‍ പൈലറ്റിനെ സീറ്റില്‍നിന്ന് മുകളിലേക്ക് വലിച്ചെറിയുന്നതുപോലെ അനുഭവപ്പെടും. വ്യോമാഭ്യാസത്തിലെ ഏറ്റവും സങ്കീര്‍ണമായ അഭ്യാസപ്രകടനങ്ങളിലൊന്നാണ് ഇത്.

നെഗറ്റീവ് ജി സമ്മര്‍ദം കൂടുമ്പോള്‍, രക്തം താഴെനിന്ന് തലച്ചോറിലേക്ക് കുതിച്ചെത്തും. ഇത് പൈലറ്റിന് താല്‍ക്കാലികമായി കാഴ്ച നഷ്ടപ്പെടാനോ, ദിശാബോധം തെറ്റാനോ അല്ലെങ്കില്‍ ബോധക്ഷയം സംഭവിക്കാനോ കാരണമായേക്കാം. കുറഞ്ഞ ഉയരത്തില്‍ ഈ അഭ്യാസം നടത്തുമ്പോള്‍, ബോധക്ഷയം സംഭവിക്കുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്താല്‍, വിമാനം വീണ്ടെടുക്കാന്‍ വേണ്ടത്ര സമയം ലഭിക്കാതെ വരികയും അപകടം സംഭവിക്കുകയും ചെയ്യാം.

തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത് നെഗറ്റീവ് ജി അഭ്യാസപ്രകടനത്തിനിടെയാണ്. പുറത്തുവരുന്ന വീഡിയോകള്‍ പരിശോധിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാരണങ്ങളാലാകാം അപകടമുണ്ടായതെന്ന് അനുമാനിക്കേണ്ടിവരും. വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളഞ്ഞിട്ടില്ല.