ജെഫ്രി എപ്സ്റ്റീന്‍ ബന്ധം: ബ്രിട്ടന്റെ മുന്‍ യുഎസ് അംബാസഡര്‍ പീറ്റര്‍ മണ്ടേല്‍സണ്‍ അറസ്റ്റില്‍

എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതിനെത്തുടര്‍ന്ന് 2025 സെപ്റ്റംബറിലാണ് അംബാസഡര്‍ സ്ഥാനത്തുനിന്ന് പീറ്ററെ നീക്കിയത്. എപ്സ്റ്റീനുമായുള്ള സൗഹൃദത്തില്‍ താന്‍ ആഴത്തില്‍ ഖേദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു

author-image
Biju
New Update
nelson

ലണ്ടന്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വെളിപ്പെട്ടതിനെത്തുടര്‍ന്ന്, ബ്രിട്ടന്റെ മുന്‍ യുഎസ് അംബാസഡര്‍ പീറ്റര്‍ മണ്ടേല്‍സണെ (72) ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന സംശയത്തിലാണ് അറസ്റ്റ്. എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാമത്തെ പ്രധാന അറസ്റ്റാണിത്. കഴിഞ്ഞ ആഴ്ച ചാള്‍സ് രാജാവിന്റെ സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരനെയും സമാനമായ ആരോപണങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലണ്ടനിലെ കാംഡെനിലുള്ള വസതിയില്‍ നിന്നാണ് പീറ്റര്‍ മണ്ടേല്‍സണെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വില്‍റ്റ്ഷെയറിലെയും കാംഡെനിലെയും വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ജനുവരിയില്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇമെയിലുകള്‍ പ്രകാരം, പീറ്റര്‍ മണ്ടേല്‍സണും എപ്സ്റ്റീനും തമ്മില്‍ പൊതുസമൂഹം കരുതിയതിനേക്കാള്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമായി. 2009ല്‍ ഗോര്‍ഡന്‍ ബ്രൗണ്‍ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ പീറ്റര്‍ എപ്സ്റ്റീനു ചില വിവരങ്ങള്‍ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.

എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതിനെത്തുടര്‍ന്ന് 2025 സെപ്റ്റംബറിലാണ് അംബാസഡര്‍ സ്ഥാനത്തുനിന്ന് പീറ്ററെ നീക്കിയത്. എപ്സ്റ്റീനുമായുള്ള സൗഹൃദത്തില്‍ താന്‍ ആഴത്തില്‍ ഖേദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ന്യൂ ലേബര്‍ പദ്ധതിയുടെ ശില്‍പികളില്‍ ഒരാളായിരുന്നു പീറ്റര്‍. മുന്‍പ് രണ്ടുതവണ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. 

2024ലാണ് കിയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ പീറ്റര്‍ മണ്ടേല്‍സണെ യുഎസ് അംബാസഡറായി നിയമിച്ചത്. പൊതുപദവി ദുരുപയോഗം ചെയ്ത കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന ഗൗരവകരമായ കുറ്റമാണ് പീറ്റര്‍ മണ്ടേല്‍സണെതിരെ ചുമത്തിയിരിക്കുന്നത്.