/kalakaumudi/media/media_files/2025/09/10/lecornu-2025-09-10-09-11-55.jpg)
പാരീസ്: വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് ഫ്രാന്‍സ്വാ ബെയ്‌റോ പുറത്തായതിനെത്തുടര്‍ന്ന് വിശ്വസ്തനായ സെബാസ്റ്റ്യന്‍ ലെകോര്‍ണുവിനെ പുതിയ പ്രധാനമന്ത്രിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നാമനിര്‍ദ്ദേശം ചെയ്തു. രണ്ട് വര്‍ഷത്തിനിടെ ഫ്രഞ്ച് പ്രധാനമന്ത്രിയാകുന്ന അഞ്ചാമത്തെയാളാണ് ലെകോര്‍ണു.
2017ലെ മാക്രോണിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചുക്കാന്‍ പിടിച്ചത് മുപ്പത്തിയൊമ്പതുകാരനായ ലെകോര്‍ണുവായിരുന്നു. രാഷ്ട്രത്തിനായി ഒരു ബജറ്റ് തയാറാക്കാനും വരും മാസങ്ങളിലെ തീരുമാനങ്ങള്‍ക്ക് കരാറുകള്‍ അത്യന്താപേക്ഷിതമാക്കുന്നതിനും പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ ശക്തികളുമായി ആലോചിക്കാന്‍ മാക്രോണ്‍ ലെകോര്‍നുവിനോട് പറഞ്ഞതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.മാക്രോണ്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പുതിയ ചമുതലയ്ക്കും നന്ദി പറയുന്നതായി ലെകോര്‍ണുവും പ്രതികരിച്ചു.
രണ്ടു പൊതു അവധി ദിനങ്ങള്‍ റദ്ദാക്കുന്നതുള്‍പ്പെടെ വിവാദ പദ്ധതികള്‍ മുന്നോട്ടുവച്ചതാണ് മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വാ ബെയ്‌റോയ്ക്ക് തിരിച്ചടിയായത്. ചെലവ് ചുരുക്കലിനുള്ള നിര്‍ദേശങ്ങളായിരുന്നു ബെയ്‌റോ ബജറ്റില്‍ നിര്‍ദേശിച്ചത്. പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പില്‍ പുറത്തായതോടെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ രാജിക്കായും സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.
ദേശീയ അസംബ്ലിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വാ ബെയ്‌റോവിന് അനുകൂലമായി 194 പേര്‍ വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്തത് 364 എംപിമാരാണ്. ഇതോടെ പുതിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഫ്രാന്‍സ് നേരിടുന്നത്.
ഫ്രാന്‍സിന്റെ കടബാധ്യതയ്ക്കു പരിഹാരം കാണാനുള്ള 4400 കോടി യൂറോയുടെ ചെലവുചുരുക്കല്‍ പദ്ധതിയാണ് ബെയ്‌റോ അവതരിപ്പിച്ചത്. പ്രധാനമന്ത്രി കസേരയിലെത്തിയിട്ട് ഒന്‍പത് മാസമേ ആയിട്ടുള്ളൂ. ഇദ്ദേഹത്തിന്റെ മുന്‍ഗാമി മിഷെല്‍ ബാര്‍ന്യേ വെറും മൂന്നു മാസം മാത്രമായിരുന്നു പദവിയിലിരുന്നത്. പിന്നീട് കഴിഞ്ഞ ഡിസംബറിലെ അവിശ്വാസ വോട്ടെടുപ്പിലാണു പുറത്തായത്. ഇതോടെ ഒരു വര്‍ഷത്തിനിടെ പുറത്താകുന്ന രണ്ടാമത്തെ പ്രധാനമന്തിയായി ഫ്രാന്‍സ്വാ ബെയ്‌റോ മാറി.
ഫ്രാന്‍സ്വാ ബെയ്‌റോ ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയെ കണ്ടു രാജി സമര്‍പ്പിക്കുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മക്രോയ്ക്കു കീഴില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്താകുന്ന നാലാമത്തെ പ്രധാനമന്ത്രി കൂടിയാണ് ബെയ്‌റോ. 2027 വരെയാണ് മക്രോയുടെ ഭരണകാലാവധി.
രണ്ട് ദേശീയ അവധിദിനങ്ങള്‍ റദ്ദാക്കുക. പെന്‍ഷനുകളും സാമൂഹിക സഹായങ്ങളും മരവിപ്പിക്കുക തുടങ്ങിയ വിവാദ തീരുമാനങ്ങളാണ് ഫ്രാന്‍സ്വ ബെയ്‌റോ ബജറ്റില്‍ നടപ്പിലാക്കിയത്. 44 ബില്യണ്‍ യൂറോ സംരക്ഷിക്കാനുള്ള ലക്ഷ്യമിട്ടായിരുന്നു ഇവയെങ്കിലും രാഷ്ട്രീയ എതിരാളികള്‍ ഇത് ആയുധമാക്കുകയായിരുന്നു. ഇടത് പക്ഷവും തീവ്ര വലത് പക്ഷവും ഒരു പോലെ പ്രധാനമന്ത്രിയെ എതിര്‍ത്തതോടെയാണ് വിശ്വാസ വോട്ടില്‍ പരാജയപ്പെട്ടത്.
സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഫ്രാന്‍സിനെ വലയ്ക്കുന്ന സമയത്താണ് ഒന്‍പത് മാസത്തിനുള്ളില്‍ ബെയ്റൂവിന്റെ സര്‍ക്കാര്‍ താഴെ വീണത് രാജ്യത്ത് രാഷ്ട്രീയപരമായ സ്ഥിരത ഇല്ലാത്ത അവസ്ഥ ഉണ്ടാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, യുക്രൈനിലെയും ഗാസയിലെയും യുദ്ധങ്ങള്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാറുന്ന നയങ്ങള്‍ എന്നിവയെല്ലാം ഫ്രാന്‍സിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
2024 ല്‍ മാക്രോണ്‍ നടത്തിയ തിരഞ്ഞെടുപ്പാണ് രാഷ്ട്രീയപരമായ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഈ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ വന്നതോടെ പാര്‍ലമെന്റിന്റെ അധികാരം കുറയുകയായിരുന്നു.