അവന്‍ സ്വവര്‍ഗാനുരാഗ സ്വത്വത്തിന്റെ പോരാളി: അന്തരിച്ച സഹോദരനെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി മഡോണ

ഗേ ആയ ക്രിസ്റ്റഫറിനെ കുറിച്ചും അദ്ദേഹം സ്വന്തം സ്വത്വത്തിനായി ജീവിതകാലം മുഴുവന്‍ നടത്തിയ പോരാട്ടത്തെ കുറിച്ചും ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് എഴുതിയിരിക്കുകയാണ് മഡോണ

author-image
Prana
New Update
114000685

കരിയറിന്റെ തുടക്കം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ട്, ഗേ ഐക്കണായി അറിയപ്പെടുന്ന കലാകാരിയാണ് മഡോണ. ആ തീരുമാനത്തിലേക്ക് അവരെ നയിച്ചത് സ്വന്തം സഹോദരനായ ക്രിസ്റ്റഫര്‍ ആയിരുന്നു. ഇപ്പോള്‍ ഗേ ആയ ക്രിസ്റ്റഫറിനെ കുറിച്ചും അദ്ദേഹം സ്വന്തം സ്വത്വത്തിനായി ജീവിതകാലം മുഴുവന്‍ നടത്തിയ പോരാട്ടത്തെ കുറിച്ചും ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് എഴുതിയിരിക്കുകയാണ് മഡോണ. സഹോദരനായ ക്രിസ്റ്റഫര്‍ ക്യാന്‍സര്‍ രോഗബാധിതനായി മരണപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മഡോണയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്.


എന്റെ സഹോദരന്‍ ക്രിസ്റ്റഫര്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഈ ജീവിതത്തില്‍ എന്നോട് ഇത്രത്തോളം അടുപ്പമുള്ള മറ്റൊരാള്‍ ഇല്ലെന്ന് പറയാം. അവനുമായുള്ള ബന്ധം വാക്കുകള്‍ക്കതീതമാണ്. എന്നാല്‍ അത്രത്തോളം ആഴത്തിലുള്ള ആ ബന്ധത്തിന് കാരണം ഞങ്ങള്‍ സഹോദരങ്ങളാണ് എന്നത് മാത്രമല്ല. മറിച്ച് സമൂഹം ഞങ്ങളോട് കാണിച്ച വിവേചനത്തില്‍ നിന്നാണ് ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കാന്‍ പഠിച്ചത്. സ്വവര്‍ഗാനുരാഗികളായ ഞങ്ങള്‍ വ്യത്യസ്തരാണ്, ഈ സമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യരല്ലെന്നാണ് ഈ സമൂഹം ഞങ്ങളോട് പറഞ്ഞത്. ഒറ്റപ്പെടലിന്റെ ആ നാളുകളിലാണ് ഞങ്ങള്‍ കൈകോര്‍ത്തത്. നൃത്തലോകത്തും ഞങ്ങളത് തുടര്‍ന്നു. നൃത്തം ഒരുതരം സൂപ്പര്‍ഗ്ലൂ പോലെ ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തി. അക്കാലത്ത് ഗേ എന്ന വാക്ക് ഞങ്ങളുടെ നാട്ടില്‍ വായില്‍ നിന്ന് വീഴാന്‍ പോലും പാടില്ലാത്ത വാക്കായിരുന്നു. അപ്പോഴാണ് ഞാന്‍ നൃത്ത ലോകത്തേക്ക് വരുന്നത്. പിന്നാലെ നാട് വിട്ട് നര്‍ത്തകിയാകാന്‍ ന്യൂയോര്‍ക്കിലേക്ക് പോകാന്‍ ധൈര്യം വന്നു. അന്ന് ക്രിസ്റ്റഫറും എനിക്കൊപ്പം ചേര്‍ന്നു.ന്യൂയോര്‍ക്ക് നഗരത്തിന്റെ ഭ്രാന്തിലൂടെ ഞങ്ങള്‍ നൃത്തം ചെയ്തു!. കലയും സംഗീതവും സിനിമയും ഞങ്ങളുടെ ലോകമായി, ആ ആവേശത്തില്‍ ഞങ്ങള്‍ ജീവിച്ചു. 1980കളില്‍ സ്വവര്‍ഗാനുരാഗികളിലാണ് എയ്ഡ്‌സ് പകരുന്നതെന്ന് ലോകം പറഞ്ഞ കാലത്ത് ഞങ്ങള്‍ അത്തരകാര്‍ക്കിടയില്‍ ജീവിച്ചു. എന്റെ കരിയറിന്റെ തുടക്കത്തില്‍ ഞങ്ങള്‍ ഒരുമിച്ച് സ്‌റ്റേജില്‍ നൃത്തം ചെയ്തു, ഒടുവില്‍, അദ്ദേഹം നിരവധി ടൂറുകളുടെ ക്രിയേറ്റീവ് ഡയറക്ടറായി.അക്കാലത്ത് ഞങ്ങള്‍ റോമന്‍ കത്തോലിക്കാ സഭയെ വെല്ലുവിളിച്ചു, കലാസ്വാതന്ത്ര്യത്തിന് തടസ്സമായ പോലീസിനെയും സദാചാര വാദികളെയും ചോദ്യം ചെയ്തു.
അന്നെല്ലാം എന്റെ അരികില്‍ എന്റെ സഹോദരന്‍ ഉണ്ടായിരുന്നു.അദ്ദേഹം ഒരു ചിത്രകാരനും കവിയും ദാര്‍ശികനുമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഏറ്റവും ഉയരങ്ങള്‍ താണ്ടി, ഒപ്പം ജീവിതത്തിലെ വീഴ്ചകളിലും ഒരുമിച്ച് നിന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ അത് അത്ര എളുപ്പമായിരുന്നില്ല. കാരണം അവന്റെ രോഗാവസ്ഥയായിരുന്നു. സാധ്യമയടത്തോളം ഞാന്‍ അവനെ ചേര്‍ത്ത് പിടിച്ചു. ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്തു. അവസാനകാലത്ത് അവന്‍ ഒരുപാട് വേദന അനുഭവിച്ചു. ആ ദുഖത്തിലും ഞങ്ങള്‍ കൈകള്‍ കോര്‍ത്ത് കണ്ണുകള്‍ അടച്ച് നൃത്തം ചെയ്തു. ഇന്നവന്‍ ഇല്ല. പക്ഷെ രോഗം നല്‍കിയ വേദന അവന്‍ ഇപ്പോള്‍ അനുഭവിക്കുന്നില്ലെന്ന് ഓര്‍ത്ത് എനിക്ക് സന്തോഷമുണ്ട്. മറ്റൊരു ലോകത്ത് അവന്‍ നൃത്തം ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം!ഇങ്ങനെയായിരുന്നു മഡോണയുടെ കുറിപ്പ്.