താലിബാന്റെ സ്ത്രീകളോടുള്ള നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മലാല

ലോകത്തുടനീളമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ അഭിസംബോധന ചെയ്യാന്‍ പാകിസ്ഥാന്‍ നടത്തിയ സുപ്രധാന ശ്രമമായാണ് സമ്മേളനത്തെ വിലയിരുത്തപ്പെട്ടത്

author-image
Punnya
New Update
MALALA

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്‍-താലിബാനെതിരെ രൂക്ഷവിര്‍ശനവുമായി നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായി. അഫ്ഗാനില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനെതിരെ രംഗത്തിറങ്ങണമെന്ന് മുസ്ലീം നേതാക്കളോട് ആഹ്വാനം ചെയ്ത് നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. ഞായറാഴ്ച ഇസ്ലാമാബാദില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മലാല. 'മുസ്ലീം നേതാക്കളെന്ന നിലയില്‍, നിങ്ങളുടെ ശബ്ദം ഉയര്‍ത്താനും നിങ്ങളുടെ ശക്തി ഉപയോഗിക്കാനുമുള്ള സമയമാണിത്. നിങ്ങള്‍ക്ക് യഥാര്‍ത്ഥ നേതൃത്വം കാണിക്കാന്‍ കഴിയും', മലാല പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്സായിയും പറഞ്ഞു. താലിബാനെതിരെ മുസ്ലീം രാജ്യങ്ങളില്‍ നിന്ന് നിര്‍ണായക നടപടികളില്ലാത്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ ക്ഷണിച്ചിട്ടും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് പാകിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഖാലിദ് മഖ്ബൂല്‍ സിദ്ദിഖി പറഞ്ഞു. മുസ്ലീം വേള്‍ഡ് ലീഗിന്റെ പിന്തുണയോടെയാണ് സമ്മേളനം നടന്നത്. ലോകത്തുടനീളമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ അഭിസംബോധന ചെയ്യാന്‍ പാകിസ്ഥാന്‍ നടത്തിയ സുപ്രധാന ശ്രമമായാണ് സമ്മേളനത്തെ വിലയിരുത്തപ്പെട്ടത്. 2021-ല്‍ താലിബാന്‍ അധികാരം തിരിച്ചുപിടിച്ചതുമുതല്‍, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. സ്‌കൂളുകളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും പെണ്‍കുട്ടികളെ വിലക്കിയിട്ടുമുണ്ട്. താലിബാന്‍ ലിംഗവിവേചനം നടപ്പാക്കുകയാണെന്നും സംസ്‌കാരത്തിന്റെയും മതത്തിന്റെയും ന്യായം പറഞ്ഞ്, അതിന്റെ മറവില്‍ തങ്ങളുടെ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും മലാല തുറന്നടിച്ചു. താലിബാന്‍ സ്ത്രീകളെ മനുഷ്യരായി കാണുന്നില്ല. അവരുടെ നയങ്ങള്‍ മനുഷ്യാവകാശ വിരുദ്ധമാണ്. ഒഴിവുകഴിവുകള്‍കൊണ്ട് അവയെ ന്യായീകരിക്കാനാകില്ല. ഇസ്ലാമില്‍ ഇതിനൊന്നും അടിസ്ഥാനമില്ല. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ അംഗീകരിക്കരുതെന്നും സ്ത്രീകളുടെ വിദ്യാഭ്യാസം പരിമിതപ്പെടുത്തുന്ന നടപടിക്കെതിരെ നിലകൊള്ളണമെന്നും മുസ്ലിം നേതാക്കളോട് മലാല അഭ്യര്‍ഥിച്ചു. അഫ്ഗാനിലെ പെണ്‍കുട്ടികളുടെ ഭാവിയെ താലിബാന്‍ കവര്‍ന്നെടുത്തു. പൊതുജീവിതത്തിന്റെ എല്ലാ മേഖലകളില്‍നിന്നും സ്ത്രീകളെ ഇല്ലാതാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. പാക്കിസ്ഥാനില്‍ 1.2 കോടി പെണ്‍കുട്ടികള്‍ വിദ്യാലയങ്ങള്‍ക്കു പുറത്താണെന്നു പറഞ്ഞ മലാല, ഗാസയിലെ ഇസ്രായേല്‍ നടപടികളെയും നിശിതമായി വിമര്‍ശിച്ചു.

malala yoosefali sayi women taliban