കാണാതായ മലേഷ്യൻ എയർലൈൻസിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി നൽകുന്നവർക്ക് 600 കോടി നൽകാൻ തയ്യാറായി മലേഷ്യൻ എയർലൈൻസ്

അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ ഓഷ്യൻ ഇൻഫിനിറ്റി എന്ന കമ്പനിക്ക് 70 മില്യൺ ഡോളർ (ഏകദേശം 600 കോടി രൂപ) നൽകൂ. കാണാതായി 10 വർഷം കഴിഞ്ഞാണ് തിരച്ചിൽ പുനരാരംഭിക്കുന്നത്.

author-image
Rajesh T L
New Update
jfweih

ക്വലാലംപൂർ: 2014ൽ കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനത്തിന്‍റെ തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനം. ടെക്സസ് ആസ്ഥാനമായുള്ള മറൈൻ റോബോട്ടിക്സ് കമ്പനിക്ക് മലേഷ്യൻ സർക്കാർ അന്തിമ അനുമതി നൽകി. അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ ഓഷ്യൻ ഇൻഫിനിറ്റി എന്ന കമ്പനിക്ക് 70 മില്യൺ ഡോളർ (ഏകദേശം 600 കോടി രൂപ) നൽകൂ. കാണാതായി 10 വർഷം കഴിഞ്ഞാണ് തിരച്ചിൽ പുനരാരംഭിക്കുന്നത്.

2014 മാർച്ച് എട്ടിനാണ് 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പറന്ന മലേഷ്യന്‍ എയർലൈന്‍സിന്‍റെ എംഎച്ച് 370 വിമാനം യാത്രാമധ്യേ അപ്രത്യക്ഷമായത്. പല നിഗമനങ്ങളുമുണ്ടായി. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകർന്ന് വീണു എന്നതായിരുന്നു ഒരു നിഗമനം. പക്ഷേ അവശിഷ്ടത്തിന്‍റെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രക്കാരുടെ കുടുംബങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ടെന്നും അതിനാലാണ് തിരച്ചിൽ പുനരാരംഭിക്കുന്നതെന്നും മലേഷ്യൻ ഗതാഗത മന്ത്രി ആന്‍റണി ലോക് പറഞ്ഞു.

ക്വലാലംപൂരിൽ നിന്ന് പറന്നുയർന്ന് 40 മിനിറ്റിന് ശേഷം എംഎച്ച് 370മായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ആഫ്രിക്കന്‍ തീരത്തേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലേക്കും ഒഴുകിപ്പോയിരിക്കാമെന്ന് അഭിപ്രായമുയർന്നു.

2018ലാണ് അവസാനമായി വിമാനത്തിനായി തിരച്ചില്‍ നടത്തിയത്. അന്ന് തിരച്ചില്‍‌ നടത്തിയ ഓഷ്യൻ ഇൻഫിനിറ്റിയുമായാണ് മലേഷ്യ, വീണ്ടും തിരച്ചിലിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. വീണ്ടും തെരച്ചിൽ നടത്താനുള്ള മലേഷ്യന്‍ സര്‍ക്കാറിന്‍റെ പുതിയ തീരുമാനത്തെ അന്ന് കാണാതായവരുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്തു. 

malasia missing flight Malayalam News