/kalakaumudi/media/media_files/2025/01/18/GD2uTaHPAczxtbbd505z.jpg)
Pep Guardiola and wife Cristina Serra
ലണ്ടന്‍: മൈതാനമൊരു ചതുരംഗപ്പലകയാണെങ്കില്‍ അയാളൊരു ഗാരി കാസ്പറോവാണ്. ഫുട്ബോളൊരു മ്യൂസിക്കാണെങ്കില്‍ അയാളൊരു മൊസാര്‍ട്ടും. ജന്മംകൊണ്ടും നിലപാടുകള്‍ കൊണ്ടും പെപ് ഗ്വാര്‍ഡിയോള കാറ്റലനാണ്. അയാളുടെ രാഷ്ട്രീയ നിലപാടുകളിലും കാല്‍പന്ത് ഫിലോസഫിയിലും ഒരു പോലെ കാറ്റലോണിയന്‍ പ്രവിശ്യയുടെ സ്വാധീനമുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എക്കലാത്തെയും മികച്ച മാനേജറാണ് പെപ് ഗാര്‍ഡിയോള എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. കാരണം തുടര്‍ച്ചയായ നാലാം തവണയും സിറ്റിയെ കിരീടത്തിലേക്ക് നയിച്ച സ്പെയിന്‍കാരന്‍ 2016ല്‍ ക്ലബിലെത്തിയ ശേഷം അഞ്ചാം തവണയാണ് മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെടുന്നത്. ആറ് ലീഗ് കിരീടങ്ങള്‍ നേടിയ ഗാര്‍ഡിയോള ഏറ്റവും കൂടുതല്‍ വിജയിയായ പരിശീലകരില്‍ രണ്ടാമതാണ്. 2016ല്‍ സിറ്റിയിലെത്തിയ പെപ് കഴിഞ്ഞ ഏഴ് സീസണില്‍ ആറിലും ടീമിനെ ചാമ്പ്യന്മാരാക്കി.
എന്നാല്‍ ആ ബ്രില്യന്‍സിന് കഴിഞ്ഞ കുറച്ചുകാലങ്ങളായി തകര്‍ച്ചയുടെ കാലമാണ്. ചാമ്പ്യന്മാരുടെ ചാമ്പ്യന്മാരായി മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇതെന്തുപറ്റിയെന്ന് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയിരിക്കുന്നത് പെപ് ഗാര്‍ഡിയോള എന്ന മാത്രികനിലേക്ക് തന്നെയാണ്. ഗാര്‍ഡിയോളയും ഭാര്യ ക്രിസ്റ്റീന സെറയും 10 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനം നേടിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
കഴിഞ്ഞ 30 വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു. ഗാര്‍ഡിയോള മാഞ്ചസ്റ്ററില്‍ വെള്ളിക്കപ്പുകള്‍ ലക്ഷ്യമിട്ടപ്പോള്‍, ഭാര്യ സെറ ബാഴ്‌സലോണയിലെ കുടുംബജീവിതത്തില്‍ സംതൃപ്തയായിരുന്നു. കാല്‍പ്പന്തിനെയും ടീമിനെയും പ്രണയിച്ച ഗാര്‍ഡിയോളയ്ക്ക് പക്ഷെ സ്വന്തം ഭാര്യയെ സ്നേഹത്തിന്റെ വലയ്ക്കുള്ളിലാക്കാന്‍ കഴിഞ്ഞില്ല. കുടുംബജീവിതത്തില്‍ പരാജിതനാണ് തന്റെ ഭര്‍ത്താവ് എന്ന് സെറയ്ക്ക് തോന്നിത്തുടങ്ങിയ കാലം മുതല്‍ സിറ്റിയുടെ തകര്‍ച്ചയിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.
കുടുംബപ്രശ്നങ്ങള്‍ മാനസികമായി അലട്ടിയിരുന്ന ഗഗാര്‍ഡിയോളയ്ക്ക് കഴിഞ്ഞ കുറച്ചുകാലങ്ങളായി തന്റെ സംഘത്തെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ പോയതിന്റെ ഫലമാണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെന്ന വന്‍ മരം കടപുഴകി വീഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അഭ്യൂഹങ്ങള്‍ ഇങ്ങനെ പ്രചരിക്കുമ്പോഴും ക്ലബ്ബ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണമൊന്നും വന്നിട്ടില്ല. കാരണം പെപ്പിന് പകരം ആര് എന്ന ചോദ്യവും അവര്‍ക്ക് മുന്നിലുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവും അവര്‍ക്ക് മുന്നിലുണ്ട്.
കാറ്റലോണിയയിലെ നന്നായി പന്തുതട്ടുന്ന ഏതൊരു കുട്ടിയെയും പോലെ പെപ് ഗ്വാര്‍ഡിയോളയും കുഞ്ഞുനാളിലേ ബാഴ്സലോണയുടെ യൂത്ത് അക്കാദമിയില്‍ എത്തി. ആറുവര്‍ഷത്തെ തീവ്ര പരിശീലനത്തിന് ശേഷം 1990ല്‍ കാറ്റലോണിയയുടെ അഭിമാന നിറങ്ങള്‍ ചേര്‍ത്ത ബാഴ്സ ജേഴ്സിയണിയുമ്പോള്‍ പ്രായം 19 മാത്രം.
കാമ്പ്നൗവിലത് സാക്ഷാല്‍ യൊഹാന്‍ ക്രൈഫിന്റെ കാലമാണ്. ടോട്ടല്‍ ഫുട്ബോളിന്റെ മാന്ത്രികക്കൂട്ടുമായി സ്പെയിനിലെ കളിക്കളങ്ങള്‍ ഭരിച്ചുതുടങ്ങിയ ക്രൈഫിന്റെ സ്വപ്‌നടീമിലെ അവിഭാജ്യ സാന്നിധ്യമായിരുന്നു പെപ്. ബാഴ്സലോണയിലെ സംഭവബഹുലമായ ഒരുപതിറ്റാണ്ടിന് ശേഷം ഇറ്റലിയിലും ഖത്തറിലുമെല്ലാം പന്തുതട്ടി.
ക്രൈഫ് പകര്‍ന്ന ടോട്ടല്‍ ഫുട്ബോളിന്റെ പാത തന്നെയാണ് ഗ്വാര്‍ഡിയോളയെ മുന്നോട്ടുനടത്തുന്നത്. പന്തുമായി പ്രണയത്തിലാകുന്ന ക്രൈഫിന്റെ ശൈലിയെ അടിത്തറയാക്കിയ നൂതനപരീക്ഷണങ്ങളാണ് പെപ്പിന്റെ വിജയരഹസ്യം. ഏത് പരീക്ഷണങ്ങളിലും പൊസിഷന്‍ ഫുട്ബോളെന്ന അടിസ്ഥാന പാഠം മുറുകെപ്പിടിക്കുന്നതാണ് അയാളുടെ രീതി.
കളിയുടെ മര്‍മമറിയുന്ന പെപ്പിനെ ബാഴ്സലോണക്ക് പണ്ടേ അറിയുമായിരുന്നു. അതുകൊണ്ടുതന്നെ കളി മതിയാക്കിവന്ന പെപ്പ് അധികം വൈകാതെ ബാഴ്സലോണ ബി ടീമിന്റെ പരിശീലകനായി. അവിടെ അയാള്‍ പ്രാപ്തി തെളിയിച്ചതോടെ ബാഴ്സലോണയുടെ ടീം കോച്ചായി പ്രമോഷന്‍ ലഭിച്ചു.
റൊണാള്‍ഡീന്യോയും ഡെക്കോയും അടക്കമുള്ള ബാഴ്സയുടെ അതികായരെ പുറത്തിരുത്തിയാണ് പെപ്പിന്റെ ശിഷ്യണത്തില്‍ ബാഴ്സ അണിനിരന്നത്. ഡാനി ആല്‍വ്സും ജെറാര്‍ഡ് പിക്വയും അടക്കമുള്ള തനിക്ക് ചേര്‍ന്ന ഒരു പറ്റം താരങ്ങളെ പകരമെത്തിച്ചു. പക്ഷേ പെപ്പ് തന്നെയായിരുന്നു ശരിയെന്ന് മൈതാനങ്ങള്‍ തെളിയിച്ചു.
ചിരവൈരികളായ റയലിനെ സാന്റിയാഗോ ബെര്‍ണബ്യൂവിലിട്ട് 6-2ന് തീര്‍ത്തത് കാറ്റലോണിയന്‍ തെരുവുകളെ ഉന്മാദത്തിലാക്കി. റയല്‍ പ്രതിരോധത്തിലെ ദൗര്‍ബല്യം മനസ്സിലാക്കി ഫാള്‍സ് 9 എന്ന് പിന്‍കാലത്ത് വിളിക്കപ്പെട്ട പൊസിഷനിലേക്ക് ലയണല്‍ മെസ്സിയെ തന്ത്രപരമായി ഇറക്കിവിട്ടാണ് ആ മഹാവിജയം കൊയ്തത്.
റയല്‍ മാഡ്രിഡ് തുടര്‍ച്ചയായി രണ്ടുതവണ കൈവശം വെച്ച ലാലിഗ കിരീടം പെപ്പ് ആ വര്‍ഷം തന്നെ ക്യാമ്പ് നൗവിലേക്ക് തിരികെയെത്തിച്ചു. കോപ്പ ഡെല്‍റേയും ചാമ്പ്യന്‍സ് ലീഗും അതേ വര്‍ഷം തന്നെ നേടി ട്രബിള്‍ എന്ന പുതിയ തിളക്കവും എടുത്തണിഞ്ഞു.
ഏതാണ്ടെല്ലാ ട്രോഫികളും നേടിയ ബാഴ്സയുമായുള്ള പെപ്പിന്റെ കൂട്ടുകെട്ട് അധികകാലം നീണ്ടില്ല. 2012ല്‍ പിന്മാറ്റം പ്രഖ്യാപിച്ച് നേരെ പോയത് ന്യൂയോര്‍ക്കില്‍ ഒളിവുജീവിതത്തിനാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അടക്കമുള്ള ലോകോത്തര ക്ലബുകള്‍ പലതും വിളിച്ചെങ്കിലും മാറിനിന്നു.
പിന്നീടയാളെ കാണുന്നത് 2013ല്‍ ബയേണിനൊപ്പമാണ്. ദിവസവും മണിക്കൂറുകള്‍ മാറ്റിവച്ച് ജര്‍മന്‍ ഭാഷ പഠിച്ചാണ് പെപ് മ്യൂണിക് നഗരത്തിലെത്തിയത്. അവിടെയുള്ള മൂന്നുവര്‍ഷങ്ങളിലും ബയേണിനെ ചാമ്പ്യന്‍മാരാക്കിയെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ കപ്പുയര്‍ത്താനാകില്ല. മറക്കാനാഗ്രഹിക്കുന്ന തോല്‍വികളും അവിടെ നേരിട്ടു.
2016ലാണ് പെപ് തന്റെ പുതിയ തട്ടകമായ ഇംഗ്ലണ്ടിലെത്തുന്നത്. ഉയര്‍ന്ന മത്സരക്ഷമതയുള്ള ലീഗിലെ ആദ്യ സീസണില്‍ ഫിനിഷ് ചെയ്തത് മൂന്നാമതായി. പ്രീമിയര്‍ ലീഗിന്റെ സമവാക്യങ്ങള്‍ അതിവേഗം പഠിച്ചെടുത്ത പെപ്പ് തൊട്ടുപിന്നാലെയുള്ള സീസണില്‍ ടീമിനെ ബീസ്റ്റ് മോഡിലേക്ക് ഉയര്‍ത്തി. എത്രയോ വര്‍ഷങ്ങളുടെ ചരിത്രമുള്ള പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനും സ്പര്‍ശിക്കാനാകാത്ത 100പോയന്റെന്ന അവിസ്മരണീയമായ നേട്ടത്തില്‍ തൊട്ടാണ് അയാള്‍ സിറ്റിയെ കിരീടമണിയിച്ചത്.
2019-20 വര്‍ഷത്തില്‍ യുര്‍ഗാന്‍ ക്ലോപ്പിന്റെ ലിവര്‍പൂളിന് മുന്നില്‍ കിരീടം അടിയറവ് വച്ചത് മാറ്റിയാല്‍ പിന്നീടുള്ള വര്‍ഷങ്ങളെല്ലാം നീലവസന്തങ്ങളുടേതാണ്. പ്രീമിയര്‍ലീഗില്‍ ഒരുക്ലബിനും ഒരു കാലത്തും തുടരാനാകാത്ത ആധിപത്യത്തോടെയാണ് അയാള്‍ ഓരോ തവണയും കിരീടങ്ങളില്‍ മുത്തമിട്ടത്.
ലിവര്‍പൂളും ആഴ്സനലുമെല്ലാം ഉജ്ജ്വലമായി പന്തുതട്ടിയെങ്കിലും പെപ്പിനെ പൂട്ടാന്‍ അതൊന്നുംപോരായിരുന്നു. 136 വര്‍ഷത്തിനിടയില്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടിയ ട്രോഫികളുടെ എണ്ണം വെറും എട്ട് വര്‍ഷത്തിനുള്ളില്‍ പെപ്പ് നേടി. ഗ്രൗണ്ടിലെ സ്പെയ്സും ടോട്ടല്‍ ഫുട്ബോളും പാസിങ്ങും പ്രസിങ്ങുമെല്ലാം ചേര്‍ന്ന പെപ്പിന്റെ ടാക്റ്റിസുകള്‍ക്ക് മറുപടിനല്‍കാന്‍ മറ്റു ടീമുകള്‍ നന്നേ പ്രയാസപ്പെട്ടു.
2012ല്‍ റോബര്‍ട്ടോ മാന്‍സിനിയുടെ മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഗോള്‍വ്യത്യാസത്തില്‍ പിന്തള്ളിയാണ് പ്രീമിയര്‍ ലീഗില്‍ മുത്തമിട്ടത്. ഞങ്ങളുടെ ലെഗസിയും ട്രോഫികളുടെ എണ്ണവും വേറെത്തന്നെയാണെന്നും ഞങ്ങളുടോപ്പമെത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു നൂറ്റാണ്ടുതന്നെ വേണ്ടിവരുമെന്നുമാണ് അന്ന് അലക്സ് ഫെര്‍ഗൂസണ്‍ പറഞ്ഞത്.
പക്ഷേ മാഞ്ചസ്റ്ററിലെ ആകാശമാകെ മാറിയിരിക്കുന്നു. മാഞ്ചസ്റ്റര്‍ എന്ന പേരുകേട്ടാല്‍ ലോകത്തെമ്പാടുമുള്ളവര്‍ക്ക് ആദ്യമോര്‍മയിലെത്തുന്ന ക്ലബായി സിറ്റിയെ മാറ്റിയെടുത്ത പെപ്പ് മാന്ത്രികത ഇനി ഉണ്ടാകുമോയെന്നാണ് ആരാധകരുടെ സംശയം.