മാഞ്ചസ്റ്ററില്‍ ജൂത ദേവാലയത്തിന് നേരെ നടന്നത് ഭീകരാക്രമണം

ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ടത്തിനിടെയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ ശേഷം ആരാധനാലയത്തിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിയെ ആളുകള്‍ തടയുകയായിരുന്നു

author-image
Biju
New Update
syngog

മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. സിനഗോഗില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ടത്തിനിടെയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ ശേഷം ആരാധനാലയത്തിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിയെ ആളുകള്‍ തടയുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരാള്‍ക്ക് കുത്തേറ്റത്. ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. 

ആക്രമണത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യു കെയിലുടനീളമുള്ള സിനഗോഗുകളില്‍ കൂടുതല്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതായും സ്റ്റാര്‍മര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഡെന്മാര്‍ക്ക് സന്ദര്‍ശനം സ്റ്റാര്‍മര്‍ അവസാനിപ്പിച്ചു.

ജൂത മത വിശ്വാസികളാണ് കൊല്ലപ്പെട്ട രണ്ട് പേര്‍. ജൂത മത വിശ്വാസം അനുസരിച്ച് ഏറ്റവും വിശുദ്ധമായ ദിനമായ യോം കിപ്പൂര്‍ ആചരണത്തിനിടയിലാണ് ആക്രമണം ഉണ്ടായത്. അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചതായും അക്രമിയെ ആയുധധാരികളായ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നതായും പൊലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പ്രദേശിക സമയം ഒന്‍പതരയോടെയാണ് ആക്രമണമുണ്ടായത്.

ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിലാണ് ആക്രമണം നടന്നത്. 7 മിനിറ്റിനുള്ളില്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് അക്രമിയെ വെടിവച്ച് വീഴ്ത്തി. വലിയ രീതിയില്‍ വിശ്വാസികള്‍ സിനഗോഗിനുള്ളിലുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ചിരുന്ന അക്രമി കത്തികൊണ്ടും ആളുകളെ ആക്രമിച്ചിരുന്നു.

manchester