ആരോപണങ്ങള്‍ അനവധി, എന്നിട്ടും... എന്തുകൊണ്ട് ട്രംപ് ജയിച്ചു?

അഴിമതിക്കാരന്‍, വംശീയവാദി, മുസ്ലീം വിരോധി, കുടിയേറ്റ വിരുദ്ധന്‍, സ്ത്രീലമ്പടന്‍... ഡൊണാള്‍ഡ് ട്രംപ് എന്ന 72കാരന്‍ കേള്‍ക്കാത്ത ആരോപണങ്ങള്‍ ഒന്നുമില്ല. തിരഞ്ഞെടുപ്പിന് കുറച്ചുനാള്‍ മുമ്പ് അദ്ദേഹം ജയിലില്‍ പോകുമെന്ന അവസ്ഥ വരെ ഉണ്ടായി.

author-image
Rajesh T L
New Update
trump

അഴിമതിക്കാരന്‍, വംശീയവാദി, മുസ്ലീം വിരോധി, കുടിയേറ്റ വിരുദ്ധന്‍, സ്ത്രീലമ്പടന്‍... ഡൊണാള്‍ഡ് ട്രംപ് എന്ന 72കാരന്‍ കേള്‍ക്കാത്ത ആരോപണങ്ങള്‍ ഒന്നുമില്ല. തിരഞ്ഞെടുപ്പിന് കുറച്ചുനാള്‍ മുമ്പ് അദ്ദേഹം ജയിലില്‍ പോകുമെന്ന അവസ്ഥ വരെ ഉണ്ടായി. എന്നിട്ടും എന്തുകൊണ്ട് ട്രംപ് ജയിച്ചുകയറി. ലോക മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ട്രംപിന്റെ വിജയരഹസ്യം..

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഏറെ പിന്നിലായിരുന്ന ട്രംപ് അഭിപ്രായ സര്‍വേകളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട്, അവസാന സമയമായതോടെ അടിച്ചുകയറി വരുന്ന കാഴ്ചയാണ് കണ്ടത്. ട്രംപിന്റെ ജനസ്വീകാര്യതയെ കുറിച്ച് പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു:  ''അയാള്‍ ഒരു കവല പ്രസംഗകനാണ്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ട് അയാള്‍ക്ക്.'' ഇപ്പോള്‍ അത് വീണ്ടും ശരിയാവുകയാണ്. ശരിയായാലും തെറ്റായാലും, കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ട്രംപിന്റെ ശൈലിയാണ്, ആയിരങ്ങളെ ആകര്‍ഷിച്ചത് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

മാത്രമല്ല, ബൈഡന്‍ ഭരണകൂടത്തോടുളള കടുത്ത അതൃപ്തിയാണ്, ട്രംപിന് അനുകൂല സാഹചര്യം സൃഷ്ടിച്ചത് എന്നും, സാമ്പത്തിക വളര്‍ച്ചയുടെയുടെയും ബിസിനസിനെകുറിച്ചുമുള്ള ചിന്തയാണ് ട്രംപിന് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് എന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

പക്ഷേ ബൈഡന്‍ ഭരണത്തില്‍ അമേരിക്ക സാമ്പത്തികമായി താഴേക്ക് പോയില്ല എന്നത് വസ്തുതയാണ്. തൊഴിലില്ലായ്മ കുറഞ്ഞതും, സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ ശക്തി പ്രാപിക്കുന്നതുമായ അവസ്ഥയുണ്ടായിട്ടും, ഭൂരിഭാഗം അമേരിക്കക്കാരുടെയും പരാതി, ജീവിത ചെലവ് വര്‍ധിക്കുന്നു എന്നതിലായിരുന്നു. ഗ്യാസിന്റെയും, പ്രെടോള്‍, ഡീസലിന്റെയും, ബാങ്ക് പലിശയുടെയുമെല്ലാം വര്‍ധന അമേരിക്കല്‍ മിഡില്‍ ക്ലാസിനെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഇവരാണ് ശരിക്കും ട്രംപിനുവേണ്ടി മാറിക്കുത്തിയത് എന്നാണ് വിലയിരുത്തല്‍.

സ്വയം ഒരു മികച്ച ബിസിനസ് മാനായ ട്രംപിന് യുഎസ് ബിസിനസ് ലോകത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. ഇലോണ്‍ മസ്‌ക്ക് അടക്കമുള്ളവര്‍ അദ്ദേഹത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. ട്രംപ് വന്നാല്‍ വ്യാപാരവും വാണിജ്യവും അഭിവൃദ്ധിപ്പെടുമെന്ന് യുവാക്കളടക്കം കരുതുന്നതായി വിവിധ സര്‍വേകളിലും തെളിഞ്ഞിരുന്നു.

പക്ഷേ ട്രംപിന്റെ തുറുപ്പ് ചീട്ടായത്, നികതിഭാരം കുറക്കുമെന്ന പ്രഖ്യാപനമാണെന്നാണ് മറ്റൊരു വിലയിരുത്തല്‍. 'നികുതി കുറയ്ക്കും. നിയന്ത്രണങ്ങള്‍ കുറയ്ക്കും. ഊര്‍ജവില കുറയ്ക്കും. പലിശ കുറയ്ക്കും. വിലക്കയറ്റം കുറയ്ക്കും. അങ്ങനെ എല്ലാവര്‍ക്കും വീടും കാറും സ്വന്തമാക്കാനും ജീവിതച്ചെലവ് കുറയ്ക്കാനും പറ്റും'.- ട്രംപിന്റെ പ്രധാന വാഗ്ധാനമായിരുന്നു ഇത്.

ടിപ്പ് കിട്ടുന്ന തുകയും ഓവര്‍ ടൈം വേതനവും നികുതി വിമുക്തമാക്കുമെന്നാണ് ട്രംപ് ഇടത്തരക്കാരോടു പറയുന്നത്. സോഷ്യല്‍ സെക്യൂരിറ്റിയില്‍ അടയ്ക്കുന്ന തുകയും നികുതിരഹിതമാക്കും. ഇന്ധന, വൈദ്യുതി നിരക്കുകള്‍ താഴ്ത്തും വാഹന ഇന്‍ഷുറന്‍സ് നിരക്ക് കുറയ്ക്കും അങ്ങനെ ജീവിതച്ചെലവും വിലകളും താഴ്ത്തും.

താരിഫാണ് ട്രംപിന്റെ പ്രചാരണത്തിലെ കേന്ദ്ര ബിന്ദുക്കളിലൊന്ന്. വിദേശ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം 10-20 ശതമാനം താരിഫാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നുള്ളതിന് ചുങ്കം 60 ശതമാനമാക്കും എന്നാണ് പ്രഖ്യാപനം. ഇതുവഴി വില കൂടില്ലേ എന്നു ചോദിച്ചാല്‍ ദശലക്ഷക്കണക്കിനു പുതിയ ജോലികള്‍ ഉണ്ടാകും എന്നാണ് ട്രംപിന്റെ മറുപടി. ഇറക്കുമതിക്ക് താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ പദ്ധതിയെ രൂക്ഷമായി കമല വിമര്‍ശിച്ചിരുന്നു. തൊഴിലാളി കുടുംബങ്ങള്‍ക്ക് മുകളിലുള്ള ദേശീയ നികുതിയെന്നാണ് കമല, ട്രംപിന്റെ പദ്ധതിയെ വിശേഷിപ്പിച്ചത്. പ്രതിവര്‍ഷം ഒരു കുടുംബത്തില്‍ നിന്ന് 4,000 യുഎസ് ഡോളറാണ് ചെലവാകുക. ഇറക്കുമതിക്ക് നികുതി ചുമത്തുമ്പോള്‍ വ്യക്തമായ പദ്ധതിയാണ് ആവശ്യമെന്നും കമല പറഞ്ഞിരുന്നു.

ബൈഡന്‍ ഭരണകാലത്ത് അനധികൃത കുടിയേറ്റം വന്‍ തോതില്‍ വര്‍ധിച്ചുവെന്നും, അതിന് ഡെമോക്രാറ്റുകള്‍ കൂട്ടുനിന്നുവെന്നും ട്രംപ് ആരോപിക്കാറുണ്ട്. അതിര്‍ത്തിയിലെ കുടിയേറ്റ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കമലയെയായിരുന്നു ബൈഡന്‍ ചുമതലപ്പെടുത്തിയത്. ഇത് ട്രംപ് പ്രചാരണ ആയുധമാക്കുകയും ചെയ്തു.

2023 അവസാനത്തോടെ മെക്‌സിക്കന്‍ ബോര്‍ഡര്‍ കടന്നവരുടെ എണ്ണം റെക്കോഡ് കവിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ സംഖ്യ ഇടിയുകയും ചെയ്തു. പക്ഷേ തന്റെ കാമ്പയിനില്‍ ഉടനീളം അനധികൃത കുടിയേറ്റത്തിന്റെ കണക്ക് എടുത്തിട്ട് ശരാശരി അമേരിക്കന്‍ മനസ്സുകളില്‍ ഭീതി വിതക്കാന്‍ ട്രംപിനായി.

അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുക എന്ന നിലപാടിലാണ് ട്രംപുള്ളത്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ഉറപ്പും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന് വലിയ കൈയടിയാണ് കിട്ടിയത്.

അതുപോലെ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദത്തെ നേരിടുന്നതിലും ട്രംപാണ് മികച്ച ഉപാധിയെന്ന് അമേരിക്കയിലെ ഒരു വിഭാഗം ശക്തമായി ചിന്തിക്കുന്നുണ്ട്. 'ശരിയ്യ ഫോര്‍ യുഎസ്' എന്ന് പറഞ്ഞ് അമേരിക്കയില്‍ പ്രകടനം നടത്തിയ ഇസ്ലാമിക മൗലികവാദികള്‍ ശരിക്കും ട്രംപിന് വോട്ടുനേടിക്കൊടുക്കയാണ് ചെയ്തത്. ഇസ്ലാമിക മത പ്രചാരണത്തിന്, ഫ്രാന്‍സ് കൊണ്ടുവന്നതുപോലുള്ള വിലക്കുകള്‍ വേണമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇതും വലിയ രീതിയില്‍ സ്വാധീനമുണ്ടാക്കി.

സിഎന്‍എന്‍ നടത്തിയ സര്‍വേയില്‍ വെള്ളക്കാര്‍ കൂടുതല്‍ ട്രംപിന് വോട്ടുചെയ്യുമെന്നു പറഞ്ഞപ്പോള്‍, കറുത്ത വര്‍ഗക്കാര്‍ കമലക്ക് ഒപ്പമാണ് നിന്നത്. യുഎസ് ജനസംഖ്യയില്‍ 60 ശതമാനം വെള്ളക്കാര്‍ തന്നെയാണ്. ഇവര്‍ റിപ്പബ്ബിക്കന്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് കൂടിയാണ്. സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍ പേര്‍ കമലയെയും, പുരുഷ വോട്ടര്‍മാര്‍ ട്രംപിനെയുമാണ് പിന്തുണക്കുന്നത് എന്നാണ് സര്‍വേകളില്‍ കണ്ടത്. പക്ഷേ അമേരിക്കല്‍ ഓര്‍ത്തഡോക്സ് മനസ്സിന്റെ പ്രതിഫലനം ഇവിടെ കണ്ടുവെന്നാണ് വിലയിരുത്തല്‍. ഒരു കരുത്തനായ വെള്ളക്കാരന്‍ പ്രസിഡന്റ് ആവണമെന്നാണ്് പാരമ്പര്യവാദികളില്‍ പലരും കരുതുന്നത്.

അതുപോലെ അമേരിക്ക പ്രൈഡ് എന്ന ബോധം എടുത്തിട്ടും ട്രംപ് നന്നായി കളിച്ചു. അമേരിക്കക്കാരില്‍ പലരും ഈ മനോഭാവമുള്ളവരാണ്. അവര്‍ ലോക പോലീസ് ആണെന്ന് സ്വയം വിശ്വസിക്കുന്നു. ട്രംപിന് ലോക വ്യാപകമായി അമേരിക്കയുടെ കീര്‍ത്തി ഉയര്‍ത്താന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നു.

ലോകമാകെ ചര്‍ച്ച ചെയ്യുന്ന പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളോട് തണുപ്പന്‍ പ്രതികരണമാണ് ട്രംപിന്. അദ്ദേഹം അധികാരത്തിലിരിക്കെ ഈ വിഷയത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പവര്‍ പ്ലാന്റുകളും വാഹനങ്ങളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും ട്രംപിന് പ്രത്യേകിച്ച് ചിന്തകളൊന്നുമുണ്ടായിരുന്നില്ല.

മുന്‍ സര്‍ക്കാര്‍ നിരവധി പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ അട്ടിമറിച്ചതായി ആരോപണമുണ്ട്. ആര്‍ട്ടിക്ക് ഡ്രില്ലിങ്ങിന് അനുകൂലമായ നിലപാടെടുക്കുന്ന ട്രംപിന് ഇലക്ട്രിക് വാഹനങ്ങളോടും കടുത്ത എതിര്‍പ്പാണ്. ലൈംഗികന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ റിപ്പബ്ലിക്കുകാര്‍ കടുത്ത നിലപാട് സ്വീകരിക്കുന്നവരാണ്. ചരിത്രപരമായി തന്നെ സ്വവര്‍ഗ വിവാഹത്തിനെ രൂക്ഷമായി എതിര്‍ക്കുന്നവരാണ് അവര്‍. 

സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ഭരണഘടനാപരമായി അവകാശമുണ്ടായിരുന്നത് 2022-ല്‍ സുപ്രീം കോടതി അസാധുവാക്കിയതോടെയാണ് കാര്യങ്ങള്‍ മാറിമറയുന്നത്. ഇതോടെ, ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരം കൈവന്നു. സ്ത്രീകളുടെ മൗലികാവകാശത്തെ ലംഘിക്കുന്നവിഷയത്തില്‍ രാജ്യത്തെങ്ങും വന്‍ പ്രതിഷേധം അരങ്ങേറി. യു.എസിനെ സംബന്ധിച്ച് മോശം ദിവസങ്ങളില്‍ ഒന്നാണ് ഇത് എന്നായിരുന്നു ബൈഡന്റെ അന്നത്തെ പ്രതികരണം.

തൊട്ടാല്‍ പൊള്ളുന്ന വിഷയത്തില്‍ റിപ്പബ്ലിക്കുകള്‍ക്ക് അനുകൂല നിലപാടായിരുന്നു എന്നത് അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലിംഗസമത്വത്തിനും എതിരാണ് എന്ന പൊതുബോധത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. അതേസമയം, ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളായി പോരാടുന്ന വ്യക്തിയാണ് കമല ഹാരിസ്. പക്ഷേ ഇതും അമേരിക്കയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷത്തിന് വളമിടുകയാണ് ചെയ്തത്. യാഥാസ്ഥിതിക വോട്ടുകള്‍ ട്രംപിലേക്ക് ധ്രുവീകരിക്കപ്പെടാന്‍ ഇത് ഇടയാക്കി.

യു.എസ്സുമായി ബന്ധപ്പെട്ട വലിയ വിഷയമാണ് തോക്കുകള്‍ കൈവശം വയ്ക്കുന്നത്. മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങളാല്‍ നിറഞ്ഞിരിക്കുന്ന നഗരങ്ങളെ പുനര്‍നിര്‍മിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. ഇവര്‍ മാത്രമല്ല, ഇടതുപക്ഷമെന്ന് കേള്‍ക്കുന്നതേ ട്രംപിനെ സംബന്ധിച്ച കലിയാണ്. നാടിനുള്ളിലെ ശത്രുക്കളായാണ് അദ്ദേഹം തീവ്ര ഇടതുപക്ഷക്കാരെ കാണുന്നത്. ഇക്കൂട്ടരില്‍ നിന്ന് തിരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും നീക്കമുണ്ടായാല്‍ സൈന്യത്തെ ഇറക്കി ചെറുക്കുമെന്ന നിലപാടുകാരനാണ് ട്രംപ്. മയക്കുമരുന്ന്, കൊലപാത സംഘങ്ങളെ ഇല്ലാതാക്കുമെന്നാണ് ട്രംപ് പറയുന്നത്. ഇതൊക്കെ യുവാക്കളുടെ വോട്ട് നേടുന്നതിന് ഇടയാക്കി.

മരുന്നുകളുടെ വിലവെട്ടിച്ചുരുക്കുകയും, ഇന്‍സുലിന്റെ വില 35 ഡോളറായും കുറച്ച ഭരണകൂടത്തിന്റെ ഭാഗമാണ് കമല. ട്രംപും മികച്ച ആരോഗ്യനയമാണ് മുന്നോട്ടുവെച്ചത്. ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കിയ അഫോര്‍ഡബിള്‍ കെയര്‍ ആക്ട് റദ്ദാക്കാനുള്ള ശ്രമങ്ങള്‍ നടത്തില്ലെന്നാണ് ട്രംപിന്റെ വാദം. നികുതിദായകരുടെ ധനസഹായത്തോടെ ഫെര്‍ട്ടിലിറ്റി ചികിത്സയെന്നൊരു ആശയവും ട്രംപ് മുന്നോട്ട് വെക്കുന്നുണ്ട്. ഒരേസമയം കെയറും, വെല്‍ഫയറും ഉള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് നയമായിരുന്നു ട്രംപിന്റെത്.

കമലഹാരീസിനേക്കാള്‍ വിദേശരംഗത്ത് തിളങ്ങുക ട്രംപ് ആണെന്നതും വോട്ടായിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ യുക്രെയ്‌ന് പൂര്‍ണപിന്തുണയാണ് കമല പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ 21-ാം നൂറ്റാണ്ടിലെ മത്സരത്തില്‍ ചൈനയല്ല അമേരിക്കയായിരിക്കും വിജയിക്കുക എന്നത് ഉറപ്പാക്കുമെന്നും കമല പറഞ്ഞിരുന്നു. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനായി വാദിക്കുന്ന വ്യക്തിയാണ് കമല. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും കമല നിലപാടെടുത്തു. പക്ഷേ ഈ വിഷയങ്ങളിലെല്ലം കമലയേക്കാള്‍ ശക്തവും തീവ്രവുമായിരുന്നു ട്രംപിന്റെ നിലപാട്.

റഷ്യയുമായി ചര്‍ച്ച ചെയ്ത് 24 മണിക്കൂറില്‍ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇസ്രയേല്‍-ഗാസ വിഷയത്തില്‍ ഇസ്രയേലിനൊപ്പമാണ് ട്രംപ്. കമലയും ഇസ്രയേലിന് ഒപ്പമാണെങ്കിയും, ബൈഡന്റെ തണുപ്പന്‍ മട്ടാണ് വിഷയങ്ങള്‍ ഈ രീതിയില്‍ വഷളാക്കിയത് എന്നാണ് ട്രംപിന്റെ വാദം.

american president US presidential election election donald trump president