ട്രംപിന് നോബല്‍ സമ്മാനം സമര്‍പ്പിച്ച് വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ

വൈറ്റ് ഹൗസില്‍ വെച്ച് ട്രംപുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെയാണ് മച്ചാഡോ തന്റെ മെഡല്‍ കൈമാറിയത്. വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായി ട്രംപ് നല്‍കുന്ന പിന്തുണയ്ക്കുള്ള നന്ദിസൂചകമായാണ്

author-image
Biju
New Update
maria

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തനിക്ക് ലഭിച്ച നോബല്‍ സമാധാന പുരസ്‌കാര മെഡല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ വെച്ച് ട്രംപുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെയാണ് മച്ചാഡോ തന്റെ മെഡല്‍ കൈമാറിയത്. വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായി ട്രംപ് നല്‍കുന്ന പിന്തുണയ്ക്കുള്ള നന്ദിസൂചകമായാണ് ഈ നടപടിയെന്ന് മച്ചാഡോ വ്യക്തമാക്കി.

എന്നാല്‍, ട്രംപ് ഈ മെഡല്‍ ഔദ്യോഗികമായി സ്വീകരിച്ചോ എന്ന കാര്യത്തില്‍ വൈറ്റ് ഹൗസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. നോബല്‍ സമ്മാനങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ നിയമപരമായി സാധ്യമല്ലെന്ന് നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മെഡല്‍ ഭൗതികമായി കൈമാറാന്‍ സാധിക്കുമെങ്കിലും, പുരസ്‌കാര ജേതാവ് എന്ന പദവി മറ്റൊരാള്‍ക്ക് നല്‍കാനാവില്ലെന്നാണ് നിയമം.

ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിന് പുറത്തുവെച്ചാണ് മച്ചാഡോ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വെനസ്വേലയുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് താന്‍ മെഡല്‍ നല്‍കിയതെന്ന് അവര്‍ പറഞ്ഞു. 'പ്രസിഡന്റ് ട്രംപിനെ നമുക്ക് പൂര്‍ണ്ണമായും വിശ്വസിക്കാം,' എന്ന് അവര്‍ അനുയായികളോട് വ്യക്തമാക്കി.

നിക്കോളാസ് മഡുറോയെ യുഎസ് സേന പിടികൂടി മയക്കുമരുന്ന് കടത്ത് കേസില്‍ വിചാരണയ്ക്കായി അമേരിക്കയിലെത്തിച്ചതിന് ശേഷം വെനസ്വേലയിലെ രാഷ്ട്രീയ അന്തരീക്ഷം സങ്കീര്‍ണ്ണമായി തുടരുകയാണ്. മച്ചാഡോയെ ധീരയായ നേതാവ് എന്ന് ട്രംപ് വിശേഷിപ്പിച്ചെങ്കിലും, രാജ്യത്തെ നയിക്കാന്‍ അവര്‍ക്ക് മതിയായ പിന്തുണയുണ്ടോ എന്ന കാര്യത്തില്‍ വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് സംശയം പ്രകടിപ്പിച്ചു. നിലവില്‍ വെനസ്വേലയുടെ താല്‍ക്കാലിക ഭരണ ചുമതലയുള്ള ഡെല്‍സി റോഡ്രിഗസുമായി സഹകരിക്കാനാണ് ട്രംപ് ഭരണകൂടം താല്‍പ്പര്യപ്പെടുന്നത്.

അതേസമയം, ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മച്ചാഡോ യുഎസ് സെനറ്റര്‍മാരുമായും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. രാജ്യത്ത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് എത്രയും വേഗം നടന്നില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് അവര്‍ സെനറ്റര്‍മാരെ ധരിപ്പിച്ചു. വെനസ്വേലയിലെ എണ്ണ മേഖലയില്‍ പിടിമുറുക്കാനും ഉപരോധം ലംഘിക്കുന്ന എണ്ണക്കപ്പലുകള്‍ പിടിച്ചെടുക്കാനുമുള്ള നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നത്.