/kalakaumudi/media/media_files/2025/11/02/trump-2025-11-02-17-08-45.jpg)
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള പ്രധാന ചവിട്ടുപടിയായി കണക്കാക്കപ്പെടുന്ന ഗ്രീന്‍ കാര്‍ഡ് അഥവാ സ്ഥിരതാമസത്തിനുള്ള അനുമതിയിലും കടുത്ത തീരുമാനങ്ങളിലേക്ക് കടന്ന് ട്രംപ് ഭരണകൂടം. ഇനി വിവാഹത്തിലൂടെ മാത്രം എളുപ്പത്തില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കില്ലെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. യു എസ് പൗരനെയോ പൗരയെയോ വിവാഹം കഴിക്കുന്നത് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള അര്‍ഹത നല്‍കുന്നുണ്ടെങ്കിലും, അത് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് പ്രമുഖ ഇമിഗ്രേഷന്‍ അറ്റോര്‍ണി ബ്രാഡ് ബേണ്‍സ്റ്റീന്‍ വ്യക്തമാക്കി. കുടിയേറ്റ ആനുകൂല്യങ്ങള്‍ക്കായി മാത്രം നടത്തുന്ന വിവാഹങ്ങള്‍ തടയാന്‍ ട്രംപ് ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
വിവാഹം യഥാര്‍ത്ഥമാണോ
വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകളില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയോടെയുള്ള പരിശോധനകളായിരിക്കും ഇനി നടത്തുക. വിവാഹം നിയമപരമാണോ എന്ന് മാത്രമല്ല, അത് യഥാര്‍ത്ഥമാണോ അതോ രേഖകളില്‍ മാത്രമുള്ളതാണോ എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. അപേക്ഷകര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വിശ്വാസ്യതയും ബോധ്യപ്പെട്ടാല്‍ മാത്രമേ ഗ്രീന്‍ കാര്‍ഡ് അനുവദിക്കൂ. കുടിയേറ്റ നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് പൗരത്വം നേടാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
വിവാഹിതരായ ശേഷം ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നുണ്ടോ എന്ന കാര്യത്തിലായിരിക്കും ഉദ്യോഗസ്ഥര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലി സംബന്ധമായ കാരണങ്ങളാലോ പഠനത്തിനായോ സാമ്പത്തിക സാഹചര്യങ്ങള്‍ മൂലമോ അകന്നു താമസിക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇത്തരം കാരണങ്ങളൊന്നും ഇമിഗ്രേഷന്‍ വിഭാഗം മുഖവിലയ്‌ക്കെടുക്കില്ലെന്നും ഭാര്യാഭര്‍ത്താക്കന്മാരായി ഒരുമിച്ച് ജീവിക്കുന്നുണ്ടോ എന്ന് മാത്രമാണ് പരിശോധിക്കുകയെന്നും ബ്രാഡ് ബേണ്‍സ്റ്റീന്‍ മുന്നറിയിപ്പ് നല്‍കി. നിയമപരമായ വിവാഹമെന്നാല്‍ ദമ്പതികള്‍ ഒരു മേല്‍ക്കൂരയ്ക്ക് താഴെ താമസിക്കണമെന്നാണ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നത്. ഒരുമിച്ചല്ലാതെ താമസിക്കുന്നത് വിവാഹ തട്ടിപ്പായി കണക്കാക്കി അപേക്ഷ നിരസിക്കാനും കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്. കുടിയേറ്റ ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ട് മാത്രമാണോ വിവാഹം കഴിച്ചതെന്ന് നിര്‍ണ്ണയിക്കാന്‍ ദമ്പതികളുടെ മൊത്തത്തിലുള്ള ജീവിതരീതിയും ബന്ധവും പരിശോധിക്കും. ഗ്രീന്‍ കാര്‍ഡ് നേടാനുള്ള എളുപ്പവഴിയായി വിവാഹത്തെ കാണുന്നവര്‍ക്ക് പുതിയ കര്‍ശന നിബന്ധനകള്‍ വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
