/kalakaumudi/media/media_files/2025/07/18/azar-2025-07-18-20-16-28.jpg)
ന്യൂഡല്‍ഹി: ഇന്ത്യ തേടുന്ന കുപ്രസിദ്ധ ഭീകരന്‍ മസൂദ് അസറിനെ പാകിസ്താന്‍ അധിനിവേശ കശ്മീരിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍. ജെയ്ഷെ മുഹമ്മദ് തലവനെ ഭീകരസംഘടനയുടെ തലവനാണ് മസൂദ് അസര്‍. ഭീകരസംഘടനയുടെ ശക്തികേന്ദ്രമായ ബഹാവല്‍പൂരില്‍ നിന്ന് ഏകദേശം 1,000 കിലോമീറ്ററിലധികം അകലെയുള്ള ഗില്‍ജിത്തില്‍ തമ്പടിച്ചിരിക്കുന്നത് പുതിയ ഏതെങ്കിലും ആക്രമണത്തിന് കോപ്പുകൂട്ടാനാണോ എന്ന സംശയവും ഉയരുന്നുണ്ട്.
സ്‌കാര്‍ഡുവില്‍, പ്രത്യേകിച്ച് സദ്പാര റോഡ് പ്രദേശത്തിന് ചുറ്റുമാണ്, അസ്ഹറിനെ കണ്ടത്. ഈ പ്രദേശത്ത് കുറഞ്ഞത് രണ്ട് പള്ളികള്‍, അനുബന്ധ മദ്രസകള്‍, നിരവധി സ്വകാര്യ, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ എന്നിവയുണ്ട്. ആകര്‍ഷകമായ തടാകങ്ങളും പ്രകൃതി ഉദ്യാനങ്ങളുമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്നയിടമാണ് ഇത്.
അസ്ഹര്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്ന് പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടുത്തിടെ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍. പാകിസ്താന്‍ മണ്ണില്‍ കണ്ടെത്തിയാല്‍ പാകിസ്താന്‍ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.അദ്ദേഹം പാക് മണ്ണിലുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങളുമായി വിവരം പങ്കുവെച്ചാല്‍, ഞങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സന്തോഷിക്കുമെന്നായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശം.