ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ വന്‍ ആക്രമണം; 4 സൈനികര്‍ കൊല്ലപ്പെട്ടു

ചെറിയൊരു ഇടവേളയ്ക്ക് ശഷം വീണ്ടും ആക്രമണവുമായി ഹിസ്ബുള്ള രംഗത്തുവന്നിരിക്കുന്നു. ഇസ്രയേലിലെ ബിന്യാമിനയ്ക്ക് സമീപം സൈനിക ക്യാംപിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നാല് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു.

author-image
Rajesh T L
New Update
iran

ചെറിയൊരു ഇടവേളയ്ക്ക് ശഷം വീണ്ടും ആക്രമണവുമായി ഹിസ്ബുള്ള രംഗത്തുവന്നിരിക്കുന്നു. ഇസ്രയേലിലെ ബിന്യാമിനയ്ക്ക് സമീപം സൈനിക ക്യാംപിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നാല് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിനു നേര്‍ക്ക് ഡ്രോണ്‍ ആക്രമണമുണ്ടായത്. 

ശനിയാഴ്ച ടെല്‍ അവീവിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. മിസൈലുകള്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിന് കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിന് നേര്‍ക്ക് വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേലിന്റെ നേര്‍ക്കുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്. ലബനനില്‍ നിന്ന് രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകര്‍ത്തെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നു.

ബെയ്റൂട്ടില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഇസ്രയേലിന്റെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയെന്ന് ഹിസ്ബുള്ള അറിയിച്ചു. അതേ സമയം, മധ്യഗാസയില്‍ പുനരധിവാസ ക്യാംപ് പ്രവര്‍ത്തിച്ച സ്‌കൂളിനു നേരെ ഞായാറാഴ്ച ഇസ്രയേല്‍ നടത്തിയ ഷെല്ലിങ്ങില്‍ 20 പേര്‍ കൊല്ലപ്പെടുകയും അനവധി ആളുകള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇനി ഇസ്രയേലിന്റെ തിരിച്ചടി എങ്ങനായിരിക്കുമെന്ന് ധാരണയൊന്നും വന്നിട്ടില്ല.
ഹിസ്ബുള്ളയുടെ ആക്രമണത്തിന് തിരിച്ചടി നല്‍കാനും പ്രാദേശിക പങ്കാളികളില്‍ നിന്ന് പിന്തുണ തേടാനും ഇസ്രയേല്‍ നിരന്തരം ശ്രമിക്കുമ്പോള്‍ ഇസ്രയേലിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് ആക്രമണം ഒഴിവാക്കണമെന്ന നിലപാടാണുള്ളത്. എന്നാല്‍, എന്ത് സംഭവിച്ചാലും തിരിച്ചടിക്കുമെന്ന വാശിയിലാണ് ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ട് പോകുന്നത്. തിരിച്ചടിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങിയതോടെ ഇസ്രയേലിന് സുരക്ഷാകവചം ഒരുക്കാന്‍ അമേരിക്കയും എത്തിയിട്ടുണ്ട്. ഇസ്രയേലി ചാനല്‍ 12-ന്റെയും ആര്‍മി റേഡിയോയുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്ക തങ്ങളുടെ താഡ് മിസൈല്‍ പ്രതിരോധ സംവിധാനം ഇസ്രയേലില്‍ വിന്യസിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

മിസൈലുകള്‍ പൂര്‍ണ്ണമായും തടയുന്നതില്‍ ഇസ്രയേല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം അടുത്തകാലത്തായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതനിടെ ഇസ്രയേല്‍ പ്രദേശങ്ങളില്‍ അമേരിക്കന്‍ സൈന്യം സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്ന ട്രയല്‍ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ശത്രുവിന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ വന്ന വീഴ്ചകള്‍ സംബന്ധിച്ച് അമേരിക്കന്‍ വിദഗ്ധര്‍ ഇസ്രയേല്‍ അധികൃതരുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം അമേരിക്ക എടുത്തിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതിരോധ മേധാവികളുടെ നേതൃത്വത്തില്‍ നടന്ന ഈ യോഗം ശത്രുക്കള്‍ അയച്ച മിസൈലുകള്‍ ഇസ്രയേലില്‍ ലക്ഷ്യം കണ്ടു എന്നത് സമ്മതിക്കുന്നതിന് തുല്യമാണ്.

iran israel war news iran attack iran israel conflict israel hizbulla conflict iran