കുവൈത്തിലേക്ക് വലിയ തോതില്‍ മയക്കുമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പിടിയിലായി. ഇവരില്‍ രണ്ടു പേര്‍ കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആണ്. മയക്കു മരുന്ന് വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. വിപണിയില്‍ ഏഴര ലക്ഷം കുവൈത്തി ദിനാര്‍ വിലമതിക്കുന്ന ഹഷീഷ്, മരിജുവാന എന്നിവയുള്‍പ്പെടെ 60കിലോ മയക്കുമരുന്നുമായാണ് അഞ്ചു പേര്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തന്ത്രപരമായ നീക്കത്തിലൂടെയാണ് അന്വേഷണസംഘം ഇവരെ വലയിലാക്കിയത്.
മയക്കു മരുന്ന് രാജ്യത്തേക്ക് കൊണ്ട് വരുന്നതിന്ന് വേണ്ടി ലണ്ടനിലേക്ക് പോയ കസ്റ്റംസ് ഉദ്യോഗസ്ഥനും അദ്ദേഹത്തെ സഹായിച്ച രണ്ടാമത്തെ ആളുമാണ് അറസ്റ്റില്‍ ആയ ഉദ്യോഗസ്ഥര്‍. ഇതിലൊരാള്‍ കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും രണ്ടാമത്തെയാള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റിലുമാണ് ജോലി ചെയ്തിരുന്നത്. ഈ ഉദ്യോഗസ്ഥരില്‍ ഒരാള്‍ രാജ്യത്തെ ഒരു കോ ഓപ്പറേറ്റീവ് സോസൈറ്റിയില്‍ അംഗവുമാണ്. ഇത്തരത്തില്‍ രാജ്യത്തേക്ക് ആറു തവണകളിലായി മയക്കു മരുന്ന് കടത്തിയതായി പ്രതികള്‍മൊഴിനല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പ്രത്യേക വിഭാഗത്തിന് കൈമാറിയാതായി അധികൃതര്‍ വ്യക്തമാക്കി.