/kalakaumudi/media/media_files/2025/07/30/tsunami-today-2025-07-30-11-06-22.jpg)
മോസ്‌കോ : റഷ്യയുടെ കിഴക്കന്‍ മേഖലയിലുണ്ടായ വന്‍ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചതായി റിപ്പോര്‍ട്ട്. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കന്‍ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്‌ക, ഹവായ്, ന്യൂസിലന്‍ഡിന് തെക്ക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്നതില്‍ വ്യക്തത വന്നിട്ടില്ല.
ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റര്‍ ഉയരമുള്ള സുനാമി തിരമാലകള്‍ ഹൊക്കൈഡോയുടെ കിഴക്കന്‍ തീരത്തുള്ള നെമുറോയില്‍ ആഞ്ഞടിച്ചു. ഹവായ്, ചിലി, ജപ്പാന്‍, സോളമന്‍ ദ്വീപുകളിലെ ചില തീരപ്രദേശങ്ങളില്‍ കടല്‍നിരപ്പില്‍ നിന്ന് 1 മുതല്‍ 3 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. റഷ്യയുടെയും ഇക്വഡോറിന്റെയും ചില തീരപ്രദേശങ്ങളില്‍ 3 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജനങ്ങളെ സുരക്ഷിതരാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പമുണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്‌ലോവ്‌സ്-കംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
