/kalakaumudi/media/media_files/2025/04/14/QdFyvvK9DiPOysdYxisn.jpg)
ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ വിവാദ വ്യവസായി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റിലായി. ഇന്ത്യയ്ക്ക് കൈമാറണമെന്ന അപേക്ഷയെ തുടര്‍ന്നാണ് ബെല്‍ജിയം പൊലീസ് മെഹുല്‍ ചോക്സിയെ അറസ്റ്റ് ചെയ്തത്. 13,500 കോടി രൂപയുടെ പിഎന്‍ബി ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന മെഹുല്‍ ചോക്‌സി, ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനാണ്.
വജ്രവ്യാപാരിയായ മെഹുല്‍ ചോക്‌സി ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തിലെ തുറമുഖ നഗരമായ ആന്റ്വെര്‍പ്പില്‍ താമസിക്കുന്നുണ്ടെന്ന് നേരത്തെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ശനിയാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മെഹുല്‍ ചോക്‌സിക്കെതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളായ ഇ.ഡി, സിബിഐ എന്നിവരാണ് മെഹുല്‍ ചോക്‌സിയെ ബെല്‍ജിയത്തില്‍നിന്നു നാടുകടത്തണമെന്ന് ആവശ്യപ്പെട്ടത്.
ഗീതാഞ്ജലി ജെംസിന്റെ സ്ഥാപകനായ മെഹുല്‍ ചോക്‌സിക്ക് 2023 നവംബര്‍ 15നാണ് ബെല്‍ജിയത്തില്‍ താമസാനുമതി ലഭിച്ചത്. ബെല്‍ജിയത്തിലേക്ക് താമസം മാറുന്നതിനു മുന്‍പ് ആന്റിഗ്വ ആന്റ് ബാര്‍ബുഡയിലും ഇയാള്‍ താമസിച്ചിരുന്നു. ഭാര്യ പ്രീതി ചോക്സി ബെല്‍ജിയന്‍ പൗരയാണ്. മെഹുല്‍ ചോക്‌സിക്ക് ബെല്‍ജിയം സര്‍ക്കാര്‍ 'എഫ് റെസിഡന്‍സി കാര്‍ഡ്' നല്‍കിയിരുന്നു. മെഹുല്‍ ചോക്‌സി കാന്‍സര്‍ ബാധിതനാണെന്നും സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകാന്‍ പദ്ധതിയിട്ടിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മെഹുല്‍ ചോക്‌സിയും അദ്ദേഹത്തിന്റെ അനന്തരവന്‍ നീരവ് മോദിയും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കിനെ വഞ്ചിച്ചെന്നും വായ്പാ തട്ടിപ്പ് നടത്തിയെന്നുമാണ് ഇന്ത്യയുടെ ആരോപണം. 2021 മേയില്‍ ആന്റിഗ്വയില്‍നിന്നു മെഹുല്‍ ചോക്‌സിയെ കാണാതായത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. മെഹുലിനെ സാമ്പത്തിക കുറ്റവാളിയായി (എഫ്ഇഒ) പ്രഖ്യാപിക്കണമെന്ന് ഇ.ഡി മുംബൈയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ വാദിച്ചിരുന്നു. 2019ലാണ് കേസിലെ മറ്റൊരു പ്രതിയായ നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചത്.