/kalakaumudi/media/media_files/2025/12/28/tte-2025-12-28-14-15-56.jpeg)
ശ്യാം പ്രസാദ്
ഈവനിംഗ് ഷിഫ്റ്റ് കഴിഞ്ഞ് രാത്രി പത്തര മണിക്ക് വീട്ടിലെത്തിയ എന്നെ വരവേറ്റത് രോഷാകുലയായി നിൽക്കുന്ന ഭാര്യയും അവളോട് തർക്കിച്ചു കൊണ്ടിരിക്കുന്ന മകനുമായിരുന്നു. പിറ്റേദിവസം മോണിംഗ് ഡ്യൂട്ടി ആയതിനാൽ നേരത്തെ ഉറങ്ങാൻ പ്ലാനിട്ടു വന്ന എനിക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയായിരുന്നു ഇവരുടെ വാക്ക് പോരാട്ടം. പൊതുവേ രംഗം ഊഷ്മളമാക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അന്ന് എന്തോ അങ്ങനെ തോന്നിയില്ല. ഒന്നും മിണ്ടാതെ ബഹളങ്ങൾ ഒന്നും ശ്രദ്ധിക്കാതെ യാതൊന്നും സംഭവിക്കാത്ത മട്ടിൽ തോർത്തുമെടുത്ത് ബാത്റൂമിലോട്ട് കയറി. ഇത് കണ്ട് ഭാര്യയുടെ മുഖത്ത് പ്രകടമായ നീരസത്തെ പാടെ അവഗണിച്ചുകൊണ്ട് പൈപ്പ് ഓൺ ആക്കി ബാത്ത്റൂം വാതിലുകൾ അടച്ചു. ഒരു കപ്പ് വെള്ളം എടുത്ത് തലയിൽ ഒഴിച്ചപ്പോഴേക്കും ഡ്യൂട്ടിയിലെ തിരക്കും വീട്ടിലെ വഴക്കുമെല്ലാം മറന്നു പോയി.
ഇളം ചൂടുവെള്ളം ദേഹത്ത് തട്ടി നിലത്ത് വീഴുന്ന ശബ്ദത്തിലെ സംഗീതത്തിൽ ലയിച്ചുകൊണ്ടിരുന്നപ്പോൾ പിന്നണിയിൽ ഉയർന്നുവന്ന ശബ്ദകോലാഹലം പെട്ടെന്ന് തന്നെ എന്നെ യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്തായിരിക്കും കാരണം? എന്തായാലും വലിയ പ്രശ്നങ്ങൾ ഒന്നും കുറച്ച് മുൻപ് വരെ ഉണ്ടായിരുന്നില്ല. ഒരു മണിക്കൂർ മുന്നേ വിളിച്ചപ്പോൾ എല്ലാം ശാന്തമായിരുന്നു.
പറഞ്ഞതെല്ലാം അനുസരിച്ച, കൊടുത്ത ഭക്ഷണം മുഴുവൻ കഴിച്ച മക്കളെ കുറിച്ച് വാതോരാതെ ഫോണിൽ കൂടി പറഞ്ഞപ്പോൾ ഞാനും സന്തോഷവാനായിരുന്നു. പെട്ടെന്ന് ഇവൾക്ക് ഇതെന്തുപറ്റി? ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ... ചിന്തിച്ച് തല പുണ്ണാക്കി കൊണ്ടിരുന്നപ്പോഴാണ് ഇന്നലെ എപ്പോഴോ അവൾ പറഞ്ഞ വയറുവേദനയുടെയും പിരീഡ്സിന്റെയും കാര്യം ഓർമ്മ വന്നത്. പിരീഡ്സ് ആവുന്നതിന് രണ്ടുദിവസം മുന്നേ അവൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ എപ്പോഴും പറയുമായിരുന്നു. ആദ്യമാദ്യം എല്ലാം ശ്രദ്ധിക്കുമായിരുന്നെങ്കിലും പിന്നീട് മാസാമാസം ഉള്ള ഈ പ്രക്രിയയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നത് കുറഞ്ഞുവന്നിരുന്നു. മെൻസ്ട്രേഷൻ സൈക്കിളിനെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച ഞാൻ സ്വന്തം ഭാര്യയുടെ ആർത്തവകാലത്തെ പ്രശ്നങ്ങളെ അവഗണിച്ചതിൽ എന്നോട് തന്നെ പുച്ഛം തോന്നി.
കുളി പെട്ടെന്ന് അവസാനിപ്പിച്ച് പുറത്തിറങ്ങിയ എന്നോട് വീട്ടിൽ ഇത്രയും ഒച്ചപ്പാടുകൾ ഉണ്ടായിട്ടും യാതൊരു ഇടപെടലുകളും നടത്താത്തതിലുള്ള അമർഷം അവളുടെ മുഖത്ത് പ്രകടമായിരുന്നു. ഒരു ജാള്യത കലർന്ന ചിരിയോടെ അവളോട് മോളെയും കൂട്ടി ഉറങ്ങിക്കോളാൻ പറഞ്ഞു.
അമ്മയുമായി ഉണ്ടായ അഭിപ്രായ ഭിന്നതയിൽ തൻറെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട മോനെ മാറ്റിനിർത്തി അവനു പറയാനുള്ളതെല്ലാം ക്ഷമയോടെ കേട്ട് അവനെ ശാന്തനാക്കി. അവൻ വഴക്ക് കൂടിയതിന്റെ കാര്യകാരണങ്ങൾ വാതോരാതെ വിശദീകരിച്ചു കൊണ്ടിരുന്നപ്പോഴെല്ലാം ഞാൻ ആർത്തവത്തെപ്പറ്റി ഒരു എട്ടുവയസ്സുകാരന് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു.
എങ്ങനെ സംസാരിച്ചു തുടങ്ങും? പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എത്രത്തോളം അവന് മനസ്സിലാകും? എന്നിങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മുമ്പ് സാനിറ്ററി നാപ്കിന്റെ പരസ്യം കണ്ടിട്ട് അത് എന്താണെന്ന് മോൻ ചോദിച്ചത് ഓർത്തത്. അതിൻറെ ചുവടുപിടിച്ച് ഇങ്ങനെ പറഞ്ഞു തുടങ്ങി...
ഒരു ചെറിയ പെൺകുട്ടി മുതിർന്ന സ്ത്രീയാവുമ്പോൾ അവളുടെ ശരീരവും മാറുന്നു. അങ്ങനെ വളർന്ന അവൾക്ക് ഭാവിയിൽ ഒരു കുഞ്ഞു ജനിക്കുന്നു. അവരുടെ ശരീരം അമ്മയാവാൻ തയ്യാറാവുന്നതിന്റെ ഭാഗമായി കുഞ്ഞിന് വളരാനുള്ള പ്രത്യേക സ്ഥലം രൂപപ്പെടുത്തുന്നു. ഇനി അഥവാ കുഞ്ഞുണ്ടായില്ലെങ്കിൽ അതെല്ലാം കുറച്ച് രക്തസ്രാവമായി പുറത്തേക്ക് തള്ളുന്നു. ഇതിനെ നമ്മൾ പിരീഡ്സ്, ആർത്തവം, മാസമുറ എന്ന് തുടങ്ങി പലപേരുകളിൽ വിളിക്കുന്നു.
ആർത്തവത്തോടനുബന്ധിച്ച് ഒരു സ്ത്രീക്ക് മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു. ഉദാഹരണത്തിന് ക്ഷീണം, തലവേദന, വയറുവേദന, പുറംവേദന, ഉറക്കമില്ലായ്മ വിഷാദം, പരിഭ്രാന്തി, ഉത്കണ്ഠ അങ്ങനെയങ്ങനെ...
ചിലരിൽ ആർത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തന്നെ ഒരുപാട് ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അതിനെ പ്രീ മെൻസ്ട്രൽ സിൻഡ്രോം (PMS) എന്നു പറയുന്നു. അത്തരം ആളുകളിൽ മൂഡ് ചേഞ്ചസിൽ തുടങ്ങി അനിയന്ത്രിതമായ ദേഷ്യം, പൊട്ടിക്കരച്ചിലുകൾ വരെ ഉണ്ടാവാറുണ്ട്. ഇത്തരം വൈകാരികമായ മാറ്റങ്ങൾ പിരീഡ്സ് തുടങ്ങി ഒന്ന് രണ്ട് ദിവസത്തിനു ശേഷം ഇല്ലാതാവുന്നു.
ഒരുപാട് പറഞ്ഞു അവനെ കൺഫ്യൂഷനാക്കണ്ട എന്ന് കരുതി മെല്ലെ സംസാരം അവസാനിപ്പിക്കാൻ ഒരുങ്ങിയ ഞാൻ മോനോട് ഇപ്പോൾ അമ്മ പെട്ടെന്ന് ദേഷ്യപ്പെട്ടതിന്റെ കാരണം മനസ്സിലായോ എന്ന് ചോദിച്ചു.
ചെറിയ വിഷാദത്തോടെ തലയാട്ടിയ അവൻറെ അടുത്ത ചോദ്യം 'നമുക്ക് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയാലോ' എന്ന്. അല്ലെങ്കിലും കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കുക എന്നുള്ളത് അവന്റെ രക്തത്തിൽ ഉള്ളതാണ്. സഹിക്കാൻ പറ്റാത്ത വേദനയും മറ്റ് ബുദ്ധിമുട്ടുകളും വരുമ്പോൾ ചിലർ ഡോക്ടറുടെ സഹായം തേടാറുണ്ടെങ്കിലും ആർത്തവം ഒരു അസുഖമല്ലെന്ന് അവനെ പറഞ്ഞ് ബോധ്യപ്പെടുത്തി.
ആർത്തവത്തോട് അനുബന്ധിച്ചുവരുന്ന മൂഡ് സ്വിംഗ്സ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ കൃത്യമായ കാരണങ്ങൾ കണ്ടുപിടിച്ചിട്ടില്ലെങ്കിലും ആർത്തവകാലത്ത് ഈസ്ട്രജനും പ്രോജസ്റ്റ്റോണും ഉൾപ്പെടെയുള്ള ഹോർമോണുകളുടെ അളവിലുള്ള വ്യതിയാനങ്ങൾ ആണ് കാരണമെന്ന് കരുതപ്പെടുന്നു. ഇതിൻറെ വിശദാംശങ്ങൾ മോൻ കുറച്ചുകൂടി വലുതാവുമ്പോൾ, കാര്യങ്ങൾ മനസ്സിലാക്കാനാവുമ്പോൾ വ്യക്തമായി പറഞ്ഞുതരാമെന്നു പറഞ്ഞു അവൻറെ അടുത്ത ചോദ്യം മുൻകൂട്ടി കണ്ടു മുളയിലെ നുള്ളി കളഞ്ഞു.
ആൺകുട്ടികളും ആർത്തവത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. ആർത്തവത്തോടനുബന്ധിച്ച് അമ്മമാരും ചേച്ചിമാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ജീവശാസ്ത്രപരമായ കാരണങ്ങൾ എല്ലാം അവരും മനസ്സിലാക്കേണ്ടതുണ്ട്. എല്ലാം മനസ്സിലായ ഭാവത്തിലാണ് അവൻ ഇരിക്കുന്നതെങ്കിലും ആർത്തവത്തെ കുറിച്ചുള്ള സംസാരങ്ങൾ വെറും one time conversation ആവരുതെന്ന് ഞാൻ ഉറപ്പിച്ചു.
കുട്ടിയുടെ പ്രായത്തിനും പക്വതയ്ക്കുമനുസരിച്ച് പലതവണകളായി ലളിതമായ സംഭാഷണങ്ങളായി ഈ ഒരു വിഷയം ദൈനംദിന സംസാരത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇനിയുള്ള ദിവസങ്ങളിൽ അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയിൽ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു അവനും ഉറങ്ങാൻ പോയി ഇങ്ങനെ എത്രയെത്ര പ്രോമിസുകൾ ഞങ്ങൾ കണ്ടിരിക്കുന്നു. എൻറെ സംസാരത്തിൽ അവൻ അറിയാത്ത കാര്യങ്ങൾ എത്തുമ്പോൾ ആ കണ്ണുകളിലെ ജിജ്ഞാസ ഞാൻ ശ്രദ്ധിച്ചിരുന്നെങ്കിലും എത്രത്തോളം വസ്തുതകൾ അവന് ഉൾക്കൊള്ളാൻ പറ്റിയെന്ന സംശയം എനിക്ക് അപ്പോഴും ബാക്കിയായിരുന്നു.
മോൻ ഈ കാര്യങ്ങൾ ഒന്നും അറിയാതെയാണ് അവളെ ഇറിട്ടേറ്റ് ചെയ്തത്. പക്ഷേ ഞാനോ? അവളുടെ മാനസികനില മനസ്സിലാക്കാതെ ഒരുപാട് തവണ കുറ്റപ്പെടുത്തുകയും അനാവശ്യമായി പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് അവരുടെ വികാരങ്ങൾക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന ഒരു ജൈവ പ്രക്രിയ (Biological Process) ആണ് പിരീഡ്സ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അവൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ കാര്യം ആലോചിച്ചപ്പോഴാ...
എന്തെല്ലാം വിഷമ ഘട്ടങ്ങളിലൂടെയാണ് മാസാമാസമുള്ള ആർത്തവത്തോടനുബന്ധിച്ച് അവർ കടന്നു പോകുന്നത്. ഈ സമയത്ത് നമ്മൾ പുരുഷ വർഗ്ഗം എന്തൊക്കെ ശ്രദ്ധിച്ചാൽ ആണ് അവർക്ക് കുറച്ചെങ്കിലും ആശ്വാസം പകരാനാവുക? ആർത്തവസമയത്ത് ഒരു സ്ത്രീക്ക് എന്താണ് വേണ്ടത് എന്ന് അവളോട് തന്നെ ചോദിക്കുക. മുറിയിൽ തനിച്ചിരിക്കാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ അവളെ വെറുതെ വിടുക. ഈ സമയത്ത് ഒരുപാട് നിർദ്ദേശങ്ങൾ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആത്യന്തികമായി അവൾക്ക് എന്താണ് വേണ്ടതെന്നും എന്താണ് ആശ്വാസം പകരുന്ന കാര്യങ്ങൾ എന്നും അവൾക്ക് തന്നെ അറിയാം.
ഓർക്കുക ആർത്തവം കുറച്ചു ദിവസങ്ങൾ മാത്രമേ ഉണ്ടാവൂ. ശാരീരികവും മാനസികവുമായുള്ള ഒരുപാട് ബുദ്ധിമുട്ടുകൾക്കിടയിലും അവർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവളെ ഒരു രാജ്ഞിയെ പോലെ പരിഗണിക്കുക. അവളെ സന്തോഷിപ്പിക്കാനും നമ്മുടെ പരമാവധി നൽകാം. ജോലി സ്ഥലങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആർത്തവ അവധി പോലുള്ള നിർദ്ദേശങ്ങളെ പിന്തുണയ്ക്കാം.
ഓരോന്ന് ചിന്തിച്ച് സമയം പോയതറിഞ്ഞില്ല. നാളെ പുലർച്ച എഴുന്നേൽക്കാൻ ഉള്ളതാണ്. അവർ മൂന്നുപേരും യാതൊരു പരിഭവവുമില്ലാതെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നു. അപ്പോൾ ശരി. ഞാനും ഉറങ്ങട്ടെ. ശുഭരാത്രി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
