/kalakaumudi/media/media_files/2025/11/08/mexico-2025-11-08-16-43-42.jpg)
ന്യൂയോര്‍ക്ക് : മെക്‌സിക്കോയിലെ ഇസ്രായേല്‍ അംബാസഡറെ വധിക്കാന്‍ ഇറാന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചന തകര്‍ത്തതായി യുഎസ്. യുഎസ്, ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി അടുത്ത് പ്രവര്‍ത്തിച്ചുകൊണ്ട് മെക്‌സിക്കന്‍ അധികൃതര്‍ ആണ് ഗൂഢാലോചന തകര്‍ത്തത്. ഇസ്രായേല്‍ അംബാസഡര്‍ ഐനാറ്റ് ക്രാന്‍സ് നീഗറിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഖുദ്സ് ഫോഴ്സാണ് എന്നും യുഎസ് വ്യക്തമാക്കി.
2024 അവസാനത്തോടെ ആണ് ഐനാറ്റ് ക്രാന്‍സ് നീഗറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ആസൂത്രണങ്ങള്‍ ആരംഭിച്ചത് എന്നാണ് യുഎസ് അറിയിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതി വരെ ഈ ഗൂഢാലോചന നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐആര്‍ജിസി തുടര്‍ന്നിരുന്നു. ഐആര്‍ജിസിയുടെ വിദേശത്തെ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള പ്രത്യേക യൂണിറ്റായ ഖുദ്‌സ് ഫോഴ്സാണ് കൊലപാതക പദ്ധതി ആരംഭിച്ചത്. ഇറാനിയന്‍ ഉദ്യോഗസ്ഥനും വെനിസ്വേലയിലെ ഇറാന്റെ അംബാസഡറുടെ സഹായിയുമായ മസൂദ് രഹ്നേമ എന്നറിയപ്പെടുന്ന ഹസ്സന്‍ ഇസാദിയാണ് ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയിരുന്നത് എന്നും യുഎസ് വ്യക്തമാക്കുന്നു.
ഗൂഢാലോചന എങ്ങനെ കണ്ടെത്തിയെന്നോ പരാജയപ്പെടുത്തിയെന്നോ ഉള്ള വിശദാംശങ്ങളൊന്നും യുഎസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ''ഇറാന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദ ശൃംഖലയെ തകര്‍ത്തതിന് മെക്‌സിക്കോയിലെ സുരക്ഷാ, നിയമ നിര്‍വ്വഹണ സേവനങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു,'' എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
