ആരോഗ്യപ്രവര്‍ത്തകര്‍ ട്രക്കില്‍ നിന്നും മൃതദേഹങ്ങല്‍ പുറത്തെടുക്കുന്നു
മെക്‌സിക്കോ സിറ്റി: ഗ്വാട്ടിമാലയുടെ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ ചിയാപാസില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 19 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍. എല്ലാവരും കറുത്ത വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായും കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു. അഞ്ചു മൃതദേഹങ്ങളില്‍ വെടിയേറ്റ മുറിവുകളുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മയക്കുമരുന്ന് കാര്‍ട്ടലുകള്‍ തമ്മിലുള്ള ആക്രമണമാണ് മരണത്തിന് കാരണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ ചിലര്‍ ഗ്വാട്ടിമാലയില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യക്കടത്തും മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമാണ് ആക്രമണങ്ങള്‍ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങള്‍ കാരണം കഴിഞ്ഞ ജനുവരിയില്‍ നൂറുകണക്കിന് ആളുകളാണ് അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.