/kalakaumudi/media/media_files/2025/11/17/mishel-2025-11-17-14-15-10.jpg)
വാഷിങ്ടണ്‍: ഒരു സ്ത്രീയെ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിക്കാനായി ഇപ്പോഴും അമേരിക്കന്‍ മനസ് തയാറായിട്ടില്ലെന്നു മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമ. തന്റെ പുതിയ പുസ്തകമായ ദി ലുക്കിന്റെ പ്രചാരണത്തിനായി ബ്രൂക്ലിനില്‍ ട്രേസി എല്ലിസ് റോസുമായി നടത്തിയ സംഭാഷണത്തിലാണ് മിഷേല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചു പരാജയപ്പെട്ട കമല ഹാരിസിന്റെയും ഹിലാരി ക്ലിന്റണിന്റെയും പരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മിഷേലിന്റെ ഈ പ്രതികരണം. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലായെന്നായിരുന്നു മിഷേലിന്റെ മറുപടി.
സ്ത്രീകള്‍ക്ക് ഏറ്റവും ഉയര്‍ന്ന പദവിയിലെത്താന്‍ ആവശ്യമായ വ്യവസ്ഥ രാജ്യം ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്നായിരുന്നു മിഷേലിന്റെ വാദം.രാജ്യം ഒരു സ്ത്രീയാല്‍ നയിക്കപ്പെടാന്‍ കഴിയില്ലെന്ന് തോന്നുന്ന ധാരാളം പുരുഷന്മാര്‍ ഇപ്പോഴും ഉണ്ട്, നമ്മള്‍ അത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടതായും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മിഷേല്‍ ഒബാമ ഹാരിസിനുവേണ്ടി പ്രചാരണം നടത്തി.
മിഷിഗണില്‍ ഉള്‍പ്പെടെയുള്ള റാലികളില്‍ കമലയെ വിജയിപ്പിക്കണമെന്നു അവര്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. കമല എല്ലാ മേഖലകളിലും മികവു പുലര്‍ത്തിയ വ്യക്തിത്വമാണ്. എന്നാല്‍ ഒരു രാജ്യം എന്ന നിലയില്‍ ഒരു സ്ത്രീയെ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിക്കാന്‍ നമ്മള്‍ തയാറാണോ എന്നതാണ് ചോദ്യമെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
