/kalakaumudi/media/media_files/2025/04/11/193yoSaSsiMRBHxlKk94.jpg)
വാഷിങ്ടണ്‍: പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലും വിവാഹ മോചന അഭ്യൂഹങ്ങളിലും പ്രതികരണവുമായി യുഎസ് മുന്‍പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. സ്വന്തം കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നതിനായാണ് തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് മിഷേല്‍ പറഞ്ഞു.
നടി സോഫിയ ബുഷിന്റെ വര്‍ക്ക് ഇന്‍ പ്രോഗ്രസ് എന്ന പോഡ്കാസ്റ്റിലായിരുന്നു മിഷേലിന്റെ പ്രതികരണം. മക്കള്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരായെന്നും ഇനി സ്വന്തം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും മിഷേല്‍ അറിയിച്ചു. മിഷേലും ബറാക് ഒബാമയും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ, മുന്‍പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ സംസ്‌കാര ചടങ്ങ് തുടങ്ങിയവയില്‍ നിന്ന് മിഷേല്‍ വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. ഈ ചടങ്ങുകള്‍ക്കെല്ലാം ഒബാമ ഒറ്റയ്ക്കാണ് എത്തിയത്. തുടര്‍ന്ന് ഒബാമയ്ക്കും മിഷേലിനും ഇടയില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.
'വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ഈ തീരുമാനങ്ങള്‍ എടുത്തിരുന്നു. പക്ഷേ, എനിക്ക് അത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. എന്നെക്കാള്‍ കൂടുതല്‍ ഞാന്‍ എന്റെ കുട്ടികള്‍ക്കു വേണ്ടിയാണ് ജീവിച്ചത്. ഞാന്‍ എന്തുകൊണ്ടാണ് ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ താമസിക്കന്നതെന്നതു സംബന്ധിച്ച് കുട്ടികള്‍ക്കു വേണ്ടി ജീവിക്കുന്നു എന്നാണ് എന്നോട് തന്നെ പറഞ്ഞിരുന്നത്.' മിഷേല്‍ സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'സെല്‍ഫ് കെയറി'നാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു. 'ഈ വര്‍ഷത്തെ എന്റെ കലണ്ടര്‍ ഞാന്‍ എനിക്കു വേണ്ടി എന്തെല്ലാം ചെയ്യുന്നു എന്നതിന് ഉദാഹരണമാണ്. ചിലത് ചെയ്തു. മറ്റുള്ളവര്‍ പറയുന്നതിനനുസരിച്ചല്ല. എനിക്ക് എന്തെല്ലാം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അത് ചെയ്യാനാണ് ഞാനിപ്പോള്‍ സമയം കണ്ടെത്തുന്നത്.' മിഷേല്‍ പറഞ്ഞു.
മിക്ക സ്ത്രീകളും അവര്‍ക്കു വേണ്ടി ജീവിക്കാന്‍ മറന്നുപോകുന്നവരാണ്. സ്ത്രീകള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പലപ്പോഴും ആളുകളുടെ നിഗമനങ്ങള്‍ നിരാശപ്പെടുത്തുമെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ എനിക്കുവേണ്ടി സമയം കണ്ടെത്തുമ്പോള്‍ ആളുകള്‍ പറയുന്നത് ഞാനും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിയുകയാണെന്നാണ്.' മിഷേല്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണം സംബന്ധിച്ചുള്ള പരിപാടികളിലെല്ലാം സജീവ സാന്നിധ്യമാണ് മിഷേല്‍. യുഎസ് പ്രസഡിന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡോണള്‍ഡ് ട്രംപിന് വോട്ട് ചെയ്യരുതെന്ന് മിഷേല്‍ അഭ്യര്‍ഥിച്ചത് ചര്‍ച്ചയായിരുന്നു.