ഒരു ആണവ യുദ്ധം നടക്കുമോ എന്ന ആശങ്കയിലാണ് മിഡില്‍ ഈസ്റ്റ്. അതിനിടയില്‍, ഇറാനില്‍ നിന്ന് അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട് വരുന്നു. ആണവായുധം നിര്‍മ്മിക്കാന്‍ ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണത്തിനായി 6000 കേന്ദ്രങ്ങള്‍ കൂടി ഇറാന്‍ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പശ്ചിമേഷ്യയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. നാള്‍ക്കുനാള്‍ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു. ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
ഇസ്രായേലും ഹമാസും തമ്മിലായിരുന്നു സംഘര്‍ഷം.ഹിസ്ബുല്ലയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഗസയിലെ ആക്രമണത്തിന്റെ പ്രതികാരമായാണ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയത്. തുടര്‍ന്നാണ് ഇറാനുമായി കൊമ്പുകോര്‍ത്തത്. നിലവില്‍ ഇറാനുമായി ഇസ്രായേല്‍ നേരിട്ടുള്ള യുദ്ധത്തിന്റെ വക്കില്‍ നില്‍ക്കുകയാണ്.
ഇറാനില്‍ നിലവില്‍ ആണവായുധങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ ഇറാന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
അതിനിടെയാണ് ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഏകദേശം 6000 യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായി ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ അറിയിച്ചത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍,ഫ്രാന്‍സ്, ജര്‍മ്മനി എന്നിവരുമായി നേരത്തെ ജനീവയില്‍ ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.
ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ലെങ്കിലും നയതന്ത്ര ചര്‍ച്ചകള്‍ തുടരാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.
ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സാധാരണയായി 90% വരെ സമ്പുഷ്ടമാക്കിയ യുറേനിയമാണ് ആവശ്യമുള്ളത്.എന്നാല്‍ ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയാന്‍, യുറേനിയം 60 ശതമാനത്തില്‍ കൂടുതല്‍ സമ്പുഷ്ടമാക്കരുതെന്നാണ് യുഎന്‍ നിബന്ധന വച്ചിരുന്നത്. ഈ നിബന്ധന ഇറാന്‍ അംഗീകരിച്ചതോടെയാണ് ചര്‍ച്ച ഉണ്ടായത്.ഇതിനുപുറമെ, നതാന്‍സ് പ്ലാന്റില്‍ 6000 യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാനും ഇറാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇത് വളരെ പെട്ടെന്നു തന്നെ യുറേനിയം സമ്പുഷ്ടമാക്കാന്‍ ഇറാനെ പ്രാപ്തമാക്കും. ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ഇറാന്‍ പറയുന്നുണ്ടെങ്കിലും, ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആണവായുധ പരീക്ഷണത്തിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്.
ഇറാന്റെ ആണവപ്രവര്‍ത്തനങ്ങള്‍ മാറ്റിവെക്കുന്നതിനായി, നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്, അധികാരം ഏറ്റെടുത്തയുടന്‍ ഇറാനില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. 2016-2020 കാലഘട്ടത്തില്‍ പ്രസിഡന്റായിരുന്നപ്പോഴും ഇറാനില്‍ പരമാവധി സമ്മര്‍ദ്ദങ്ങള്‍ ട്രംപ് ചെലുത്തിയിരുന്നു. ലോകശക്തികളുമായുള്ള ഇറാന്റെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് 2015-ല്‍ ട്രംപ് പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
കൂടാതെ,ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തി. ട്രംപ് വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ എന്താണ് അദ്ദേഹം ചെയ്യാന്‍ പോകുന്നതെന്ന് ഇറാന്‍ മാത്രമല്ല ലോകം മുഴുവനും ഉറ്റുനോക്കുകയാണ്.