/kalakaumudi/media/media_files/i7VPENfAiVD0OKQn62mG.jpeg)
ഫ്ലോറിഡ: കാറ്റഗറി 5 ലേക്ക് മാറിയതോടെ മിൽട്ടൺ ചുഴലിക്കാറ്റ് ഭീതിയിൽ യുഎസ്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തിൽപ്പെട്ടവയെയാണ് കാറ്റഗറി 5ൽ ഉൾപ്പെടുത്തുക. ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡ തീരത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
മെക്സിക്കോ ഉൾക്കടലിനു കുറുകെ ഫ്ലോറിഡ പെനിൻസുലയിലേക്കാണ് ‘മിൽട്ടൺ’ നീങ്ങുന്നത്. ദശലക്ഷക്കണക്കിന് ആളുകളെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഫ്ലോറിഡയിലെ മിക്കയിടങ്ങളിലും ചുവപ്പ്, ഓറഞ്ച് അലർട്ടുകള്‍ പ്രഖ്യാപിച്ചു.
ബുധനാഴ്ച രാത്രി കരയിലേക്ക് കടക്കുന്നതിന് മുമ്പ് കൊടുങ്കാറ്റ് ദുർബലമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പടിഞ്ഞാറൻ-മധ്യ ഫ്ലോറിഡയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നായി മിൽട്ടണ്‍ മാറുമെന്നാണ് വിലയിരുത്തൽ. രണ്ടാഴ്ച മുമ്പ് ‘ഹെലൻ’ ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കരകയറും മുമ്പാണ് മിൽട്ടണും യുഎസിന് നേർക്ക് വരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
