ഇന്ത്യ- കാനഡ ഉഭയകക്ഷി ബന്ധം വഷളായിരിക്കെ കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. കാനഡ മറ്റ് രാജ്യത്തെ നയതന്ത്രജ്ഞരോട് എങ്ങിനെ പെരുമാറുന്നു എന്നതും അവരുടെ നയതന്ത്രജ്ഞര്‍ മറ്റ് രാജ്യങ്ങളില്‍ എങ്ങിനെ പെരുമാറുന്നു എന്നതിനേയും ഇരട്ടത്താപ്പ് എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകുമെന്ന് ജയ്ശങ്കര്‍ തുറന്നടിച്ചു.
ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പോലീസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് കാനഡ ആവശ്യപ്പട്ടു. ഇതോടെയാണ്, അദ്ദേഹത്തെ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്. കാനഡയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ശ്രമിക്കുന്നത് അവിടെ വലിയ പ്രശ്‌നമാണെന്ന് തോന്നുന്നു. കാനഡയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമെതിരായാണ് അവര്‍ ഇക്കാര്യത്തെ വിലയിരുത്തിയിരിക്കുന്നത്.
അതേസമയം, മറുഭാഗത്ത് കാനഡയിലെ നയതന്ത്രജ്ഞര്‍ക്ക് അവര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അവരുടെ സ്വന്തം നയതന്ത്രജ്ഞരുടെ കാര്യം. കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യയിലെ സൈന്യത്തേയും ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ അന്വേഷിക്കാം. ആളുകളുടെ പ്രൊഫൈല്‍ പരിശോധിക്കാം. കാനഡയില്‍ തടയേണ്ടിയിരിക്കുന്ന ആളുകളെ ലക്ഷ്യമിടാം.
ഇന്ത്യന്‍ നേതാക്കളേയും നയതന്ത്രജ്ഞരേയും പരസ്യമായി ഭീഷണിപ്പെടുത്തുന്ന ആളുകള്‍ കാനഡയിലുണ്ടെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍, അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്നാണ് അവരുടെ മറുപടി. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ ഭീഷണിപ്പെടുത്തിയാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യമായി നമ്മള്‍ അംഗീകരിക്കണം. അതേസമയം, കനേഡിയന്‍ ഹൈക്കമ്മിഷണര്‍ ദേഷ്യത്തോടെ ഇറങ്ങിപ്പോയെന്ന് ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ പറഞ്ഞാല്‍ അത് വിദേശ ഇടപെടലാകുമെന്നും ജയ്ശങ്കര്‍ വിമര്‍ശിച്ചു.