/kalakaumudi/media/media_files/2025/11/07/russia-3-2025-11-07-20-20-51.jpg)
ന്യൂഡല്‍ഹി: യുക്രെയ്‌നെതിരെ യുദ്ധം നടത്തുന്ന റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി 44 ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. ഇവരുടെ മോചനത്തിനായി റഷ്യന്‍ അധികൃതരുമായി സംസാരിച്ചതായും, ഈ റിക്രൂട്ടിങ് രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. റഷ്യന്‍ അധികൃതരുമായും റഷ്യയിലുള്ള ഇന്ത്യക്കാരുടെ കുടുംബങ്ങളുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അതിനു മുന്നോടിയായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. റഷ്യയിലുള്ളവരുമായി കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണ്. നിര്‍ബന്ധിച്ചാണ് പലരെയും സൈനിക സേവനത്തിന് അയയ്ക്കുന്നത്. സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കുടുംബങ്ങള്‍ക്ക് ആവശ്യപ്പെടുന്നു.
റഷ്യന്‍ സൈന്യത്തില്‍ ചേരുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, റഷ്യന്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മറുപടി നല്‍കി. റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാകാനുള്ള വാഗ്ദാനങ്ങള്‍ സ്വീകരിക്കുന്നത് ജീവന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
