/kalakaumudi/media/media_files/2026/01/18/minisota-2026-01-18-13-01-33.jpg)
വാഷിങ്ടന്‍: മിനസോട്ടയിലേക്ക് ആവശ്യമെങ്കില്‍ വിന്യസിക്കാന്‍ തയാറെടുക്കുന്നതിനായി ഏകദേശം 1,500 സൈനികര്‍ക്ക് പെന്റഗണ്‍ നിര്‍ദ്ദേശം നല്‍കിയതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ഗ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് അക്രമം രൂക്ഷമാവുകയാണെങ്കില്‍ വിന്യസിക്കാന്‍ തയാറായിരിക്കണമെന്ന് സൈന്യം ഈ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കാറില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ട ഐസിഇ ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലംഘിച്ച യുവതിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് മിനസോട്ടയില്‍ പ്രതിഷേധം ആരംഭിച്ചത്. മിനിയപ്പലിസില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധം നടക്കുന്നതിനിടെ വാഹനത്തിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവതി വാഹനം റിവേഴ്‌സ് എടുത്തു. ഇതിനെ തുടര്‍ന്ന് യുവതിയുടെ മുഖത്ത് മൂന്ന് തവണ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. കവിയത്രിയായ റെനി നിക്കോള്‍ ഗുഡ് (37) ആണ് കൊല്ലപ്പെട്ടത്. മൂന്ന് മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ട റെനി.
യുവതിയെ വെടിവച്ച് കൊലപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ വിവാദമായതോടെ മേയര്‍ ജേക്കബ് ഫ്രേ ഐസിഇ ഉദ്യോഗസ്ഥരോട് തന്റെ നഗരത്തില്‍നിന്നു പുറത്തുപോകാന്‍ ആവശ്യപ്പെട്ടു രംഗത്ത് വന്നിരുന്നു. ആളുകളെ ഉപദ്രവിക്കുകയും കുടുംബങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടേതെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വാഹനത്തെ ആയുധമാക്കി ആഭ്യന്തര തീവ്രവാദത്തിനു ശ്രമിച്ച യുവതിയാണു കൊല്ലപ്പെട്ടതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലോഗ്ലിന്‍ അവകാശപ്പെട്ടത്.
ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നതില്‍നിന്ന് പ്രക്ഷോഭകരെ സംസ്ഥാനം തടഞ്ഞില്ലെങ്കില്‍ ഇന്‍സറക്ഷന്‍ ആക്ട് (കലാപം അടിച്ചമര്‍ത്താനുള്ള നിയമം) ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ നീക്കം. യുഎസിന്റെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് (ഐസിഇ) വിഭാഗം അനധികൃത കുടിയേറ്റക്കാരെ നീക്കുന്നതിനുള്ള നടപടികള്‍ കടുപ്പിച്ചതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങളില്‍നിന്ന് പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി, അറസ്റ്റ് ചെയ്ത് നാടുകടത്തുകയാണ് ഇവരുടെ പ്രധാന ചുമതലകളിലൊന്ന്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
