/kalakaumudi/media/media_files/2025/03/31/1KgP6zOKqrLCBuCRRe6h.jpg)
ടെഹ്റാന്‍ : ആണവപദ്ധതി വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ ബോംബിങ് നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി, യുഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ മിസൈല്‍ ആയുധശേഖരം തയാറാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ രൂപകല്‍പന ചെയ്ത ഭൂഗര്‍ഭ അറകളിലാണ് ഈ മിസൈലുകളില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് ദ് ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഭൂഗര്‍ഭ അറകളിലെ എല്ലാ ലോഞ്ചറുകളും ഇതിനകം ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഇറാന്‍ ഒബ്സര്‍വര്‍' മിസൈല്‍ ശേഖരം സംബന്ധിച്ച വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് അധികാരമേറ്റെടുത്തപ്പോള്‍ മുതല്‍ ട്രംപ് ആവശ്യപ്പെടുന്നതാണ്. വിവിധ പ്രതിരോധ ഗ്രൂപ്പുകളുമായുള്ള ബന്ധം ഇറാന്‍ വിച്ഛേദിക്കുകയും മിസൈല്‍, ഡ്രോണുകള്‍ എന്നിവയുടെ ശേഷി പരിമിതപ്പെടുത്തുകയും ചെയ്യണമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍ബിസി ന്യൂസിനു നല്‍കി അഭിമുഖത്തിലാണ് യുഎസുമായി ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ ഇറാനു മറുപടി ബോംബിങ് ആയിരിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്.
''അവര്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ ബോംബാക്രമണം ഉണ്ടാകും. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും അത്. ഇറാന്‍ കരാറില്‍ എത്തിയില്ലെങ്കില്‍, നാല് വര്‍ഷം മുന്‍പ് ഞാന്‍ ചെയ്തതുപോലെ ഞാന്‍ അവരുടെ മേല്‍ ഇരട്ട ചുങ്കം ചുമത്താന്‍ സാധ്യതയുണ്ട്.'' ട്രംപ് പറഞ്ഞു.
യുഎസുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നേരിട്ടു ചര്‍ച്ച നടത്താമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചിരുന്നു.
ഇതിനോടുള്ള ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. അതേസമയം നേരിട്ടല്ലാതെ, മൂന്നാം കക്ഷി വഴി ചര്‍ച്ചയാകാമെന്ന് പെസഷ്‌കിയാന്‍ സൂചിപ്പിച്ചു. 2018ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് യുഎസ് ഏകപക്ഷീയമായി ഇറാനുമായുള്ള ആണവക്കരാറില്‍നിന്നു പിന്മാറിയത്. വീണ്ടും അധികാരമേറ്റപ്പോള്‍ മുതല്‍ പുതിയ കരാറിനായി ട്രംപ് സമ്മര്‍ദം ചെലുത്തുകയാണ്.
അതേസമയം, ഐക്യരാഷ്ട്ര സംഘടനയുടെ ആണവ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ്. ആണവ വിഷയത്തില്‍ കരാറിലെത്താന്‍ ഇറാന് രണ്ടു മാസത്തെ സമയപരിധിയാണ് ട്രംപ് നല്‍കിയിരിക്കുന്നത്. 2020 ജനുവരി മൂന്നിനു ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ യുഎസ് ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് ട്രംപുമായി ഇടപഴകാന്‍ ഇറാന്‍ വിമുഖത കാണിക്കുന്നതിന് പിന്നില്‍.