/kalakaumudi/media/media_files/2025/07/03/pmdf-2025-07-03-16-08-52.jpg)
അക്ര : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നല്‍കി ആദരിച്ച് ഘാന. ഘാനയുടെ പരമോന്നത ബഹുമതിയായ 'ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഘാന' നല്‍കിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചത്. ഇന്ത്യ-ഘാന സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് ഈ ബഹുമതിയെന്ന് ചടങ്ങിനു ശേഷം പ്രധാനമന്ത്രി മോദി പ്രതികരിച്ചു.
തലസ്ഥാനമായ അക്രയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന്റെ പ്രസിഡന്റ് ജോണ്‍ ഡ്രമാനി മഹാമ ആണ് പ്രധാനമന്ത്രി മോദിയെ ആദരിച്ചത്. ഘാനയുടെ പരമോന്നത ബഹുമതി ലഭിച്ചതില്‍ എനിക്ക് അഭിമാനവും ബഹുമാനവും തോന്നുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രസിഡന്റ് മഹാമയ്ക്കും ഘാന സര്‍ക്കാരിനും ഘാനയിലെ ജനങ്ങള്‍ക്കും ഞാന്‍ എന്റെ അഗാധമായ നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രിയും ഘാന പ്രസിഡന്റും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം, ഇരു രാജ്യങ്ങളും തമ്മില്‍ നാല് കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യ എപ്പോഴും ഘാനയിലെ ജനങ്ങളോടൊപ്പം നില്‍ക്കുകയും വിശ്വസ്ത സുഹൃത്തും വികസന പങ്കാളിയുമായി സംഭാവന നല്‍കുന്നത് തുടരുകയും ചെയ്യുമെന്ന് ഘാന സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി അറിയിച്ചു. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാന സന്ദര്‍ശിക്കുന്നത്.