യുക്രെയ്‌നില്‍ സമാധാനം വരുന്നു; ചര്‍ച്ച നടത്തി മോദിയും ഫ്രാന്‍സും

യുക്രെയ്‌നിലെ സംഘര്‍ഷം നേരത്തെ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര, പ്രാദേശിക വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു

author-image
Biju
New Update
makroni

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ  ഫ്രാന്‍സ് സംയുക്ത നീക്കം. സമാധാനശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും ചര്‍ച്ച നടത്തി. 

ടെലിഫോണിലൂടെ നടന്ന സംഭാഷണത്തില്‍ ഇന്ത്യ-ഫ്രാന്‍സ് ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തി. ''ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി വിലയിരുത്തി. യുക്രെയ്‌നിലെ സംഘര്‍ഷം നേരത്തെ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര, പ്രാദേശിക വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ആഗോള സമാധാനവും സ്ഥിരതയും വളര്‍ത്തുന്നതില്‍ ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തം ഒരു സുപ്രധാന പങ്ക് വഹിക്കും''  പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. 

''യുക്രെയ്‌നില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതില്‍ ഇന്ത്യയും ഫ്രാന്‍സും ദൃഢനിശ്ചയമുള്ളവരാണ്. ഞങ്ങളുടെ സൗഹൃദത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായി, സമാധാനപാത കണ്ടെത്താന്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങും.''  മക്രോ എക്‌സില്‍ കുറിച്ചു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍പ്പെടെയുള്ള ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

വ്യാഴാഴ്ച പാരിസില്‍ വച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയും ഇമ്മാനുവല്‍ മക്രോയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോരാട്ടം അവസാനിച്ചുകഴിഞ്ഞാല്‍ 26 രാജ്യങ്ങള്‍ യുക്രെയ്ന് സൈന്യമോ മറ്റു സൈനിക സഹായമോ നല്‍കാന്‍ തയാറാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മക്രോയുടെ പ്രഖ്യാപനം.