വന്‍ അഴിമതി, മുഹമ്മദ് മൊയ്‌സു പുറത്തേക്ക്

വന്‍ അഴിമതി, മുഹമ്മദ് മൊയ്‌സു പുറത്തേക്ക്, ഇംപീച്ച് ചെയ്യാന്‍ സമ്മര്‍ദ്ദം

author-image
Sukumaran Mani
New Update
Moizu

Moizu

Listen to this article
0.75x 1x 1.5x
00:00 / 00:00

തെറ്റായ ഭരണ തന്ത്രവും രാജ്യത്തെ അപ്പാടെ കടത്തില്‍ മുക്കുകയും ചെയ്ത പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിനെ ഇംപീച്ച് ചെയ്യാന്‍ മാലിദ്വീപില്‍ സമ്മര്‍ദ്ദമേറുന്നു. വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ അടിയന്തരമായി കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കമെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്.

2018ലെ അഴിമതി ആരോപണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെയാണ് മൊയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. മാലിദ്വീപില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷം ഈ ആവശ്യവുമായി എത്തിയിരിക്കുകന്നതെന്നാണ് ശ്രദ്ധേയം. മൊയിസുവിന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസിനെതിരെയും, മുഖ്യ പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

മാലിദ്വീപ് മോണിറ്ററി അതോറിറ്റി, മാലിദ്വീപ് പൊലീസ് സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ രേഖകള്‍ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചോര്‍ന്നിരുന്നു. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് ഈ രേഖകള്‍ പുറത്ത് വന്നത്. മുഹമ്മദ് മൊയ്‌സു അഴിമതി നടത്തിയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെയാണ് പുറത്ത് വന്നിരിക്കുന്നത്. മൊയ്‌സുവിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വഴി നടന്നിട്ടുള്ള പണമിടപാടുകളെ കുറിച്ചാണ് ഇതില്‍ പറയുന്നത്. 16ഓളം തവണ അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടന്നതായി ഇതില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ലഭിച്ച പണത്തിന്റെ ഉറവിടം മറയ്ക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.

ആരോപണം ശക്തമായതിന് പിന്നാലെയാണ് മൊസുവിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും, പീപ്പിള്‍സ് നാഷണല്‍ ഫ്രണ്ടും രംഗത്തെത്തിയത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മൊയ്‌സുവിനെ ഇംപീച്ച് ചെയ്യണമെന്ന് മുന്‍ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജമീല്‍ അഹമ്മദ് ആവശ്യപ്പെടുകയും ചെയ്തു. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴിയും ജമീല്‍ ഈ രേഖകള്‍ പങ്കുവച്ചിട്ടുണ്ട്. വികസനപദ്ധതികളുടെ മറവില്‍ മൊയ്‌സു അഴിമതി നടത്തിയിട്ടുണ്ടെന്നും പൊതുജന സമ്പര്‍ക്കത്തിന്റെ പേരില്‍ അമിതമായ തുക ചെലവഴിച്ചതായും ജമീല്‍ ആരോപിച്ചു. വിഷയങ്ങളിന്മേല്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ജമീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് മൊയ്‌സു രംഗത്തെത്തിയിട്ടുണ്ട്. തന്നെ എത്രത്തോളം പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചാലും നടക്കില്ലെന്നും, തന്റെ ഭാഗത്ത് നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടില്ലെന്നും മൊയ്‌സു അവകാശപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പും ഇതേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും, കാര്യങ്ങളെല്ലാം മുന്‍പത്തേത് പോലെ തന്നെ ആയിരിക്കുമെന്നും മൊയ്‌സു പറയുന്നു. ഈ മാസം 21നാണ് മാലിദ്വീപ് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 93 സീറ്റുകളിലേക്കായി 368 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

maldives government Mohammad Moizu