മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവ്; അധികനാള്‍ വാഴിക്കില്ലെന്ന് ട്രംപ്

ഇറാന്‍ പ്രസിഡന്റും സൈന്യവും സുപ്രീം കൗണ്‍സിലും 56-കാരനായ മൊജ്തബക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇറാന്‍ വിപ്ലവം നടക്കുമ്പോള്‍ പത്ത് വയസ്സായിരുന്നു മൊജ്തബക്ക് പ്രായം. മഹാബാദില്‍ മതപഠന വിദ്യാര്‍ഥിയായിരുന്നു അന്ന് മൊജ്തബ

author-image
Biju
New Update
mojtaba 3

ടെഹ്റാന്‍: ആയത്തുല്ല അലി ഖമേനിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്തബ ഖമേനിയെ ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. യു.എസ് -ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ആയത്തുല്ല അലി ഖമേനി രക്തസാക്ഷ്യം വരിച്ച് ഒരാഴ്ചക്ക് ശേഷമാണ് മൊജ്തബയെ തിരഞ്ഞെടുത്തത്.

ഇറാന്‍ പ്രസിഡന്റും സൈന്യവും സുപ്രീം കൗണ്‍സിലും 56-കാരനായ മൊജ്തബക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇറാന്‍ വിപ്ലവം നടക്കുമ്പോള്‍ പത്ത് വയസ്സായിരുന്നു മൊജ്തബക്ക് പ്രായം. മഹാബാദില്‍ മതപഠന വിദ്യാര്‍ഥിയായിരുന്നു അന്ന് മൊജ്തബ. ഏതാണ്ട് 30 വയസ്സുവരെ ഇസ്‌ലാമിക് തിയോളജിയില്‍ ഗഹനമായ പഠനം നടത്തി. പിന്നീട് ഖൂമില്‍ പുരോഹിതനായി.

2009 വരെയും മൊജ്തബ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല. ആ വര്‍ഷം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാലത്താണ് മൊജ്തബയെക്കുറിച്ച് പുറംലോകമറിയുന്നത്. നെജാദ് ആയിരുന്നു അക്കാലത്ത് പ്രസിഡന്റ്. നെജാദിന് മൊജ്തബയുടെ പിന്തുണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ മൊജ്തബയും പങ്കു ചേര്‍ന്നുവെന്നാണ് കഥ. പ്രക്ഷോഭം ഇല്ലായ്മ ചെയ്യാന്‍ ഐ.ആര്‍.ജി.സിയുടെ അര്‍ധ സൈനിക വിഭാഗത്തിന്റെ നേതൃത്വത്തെ മൊജ്തബ അണിയറയില്‍ നയിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട്, നെജാദ് തന്നെയും മൊജ്തബയെ തള്ളിപ്പറഞ്ഞതും ഇരുവരും രണ്ട് പക്ഷത്തായതും മറ്റൊരു ചരിത്രം.

2019ല്‍, യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് അദ്ദേഹത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. 2024ല്‍, അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പുനഃസംഘടിപ്പിച്ചപ്പോള്‍ത്തന്നെ മൊജ്തബയായിരിക്കും ഖമേനിയുടെ പിന്‍ഗാമിയെന്ന് പലരും എഴുതി. എന്നാല്‍, ജീവിച്ചിരിക്കെ, ഒരിക്കല്‍പോലും ഖമേനി തന്റെ പിന്‍ഗാമി ആര് എന്ന് പറഞ്ഞില്ല. കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് ഇബ്രാഹീം റൈസിയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു.

56കാരനായ മൊജ്തബ ഖമേനിക്കൊപ്പമായിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത്.  ഓപറേഷന്‍ എപിക് ഫ്യൂരിയുടെ ആദ്യ മണിക്കൂറില്‍ത്തന്നെ ഖമേനിയുടെ കൊട്ടാരത്തില്‍ മിസൈല്‍ പതിച്ചു. ഖമേനിക്കൊപ്പം കൊല്ലപ്പെട്ടവരില്‍ മൊജ്തബയുടെ ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഈ സമയം മൊജ്തബ കൊട്ടാരത്തിലില്ലായിരുന്നു. തലനാരിഴക്ക് രക്ഷപ്പെട്ടാണ് മൊജ്തബ ആ പദവിയിലെത്തുന്നത്. ഇതുപക്ഷേ, ഇറാന്റെ ചരിത്രത്തില്‍ പുതുമയുള്ള കാര്യമല്ല. ഖമേനിതന്നെയും ഇത്തരത്തില്‍ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വന്നയാളാണ്.

പ്രസിഡന്റ് പദവിയിലെത്തുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അത്. ടെഹ്‌റാനിലെ അബുദര്‍റ് മസ്ജിദില്‍ ഖുത്തുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ, പള്ളിയില്‍ വന്‍ സ്‌ഫോടനമുണ്ടായി. അപകടത്തില്‍ അദ്ദേഹത്തിന്റെ വലതുകൈക്ക് ക്ഷതമേറ്റു. നിശ്ചലമായ ആ കൈയുമായാണ് ശിഷ്ടകാലം മുഴുവന്‍ അദ്ദേഹം ജീവിച്ചതും ഒരു ജനതയെ അതിജീവനത്തിന് പ്രാപ്തമാക്കിയതും. ആ ഖ്യാതിയിലേക്ക് മുജ്തബക്ക് എത്താനാകുമോ എന്നതാണ് ചോദ്യം.

അതേസമയം മൊജ്തബയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. തങ്ങളുടെ അനുമതിയോ താത്പര്യമോ പരിഗണിക്കാതെയാണ് ഇറാന്‍ പുതിയ നേതാവിനെ തിരഞ്ഞെടുത്തതെന്നും അധികനാള്‍ വാഴിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാനിലെ ഭരണസംവിധാനം തന്നെ ഇല്ലാതാക്കുമെന്നും ആവശ്യമെങ്കില്‍ കരസേനയെ അയക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.