ഖമേനിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്താബ; എത്ര നീണ്ടാലും യുദ്ധം നിര്‍ത്തില്ലെന്ന് ഇറാന്‍

''ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്തതിനെക്കാള്‍ കൂടുതല്‍ കാലം പ്രതിരോധിക്കാനും ആക്രമണാത്മക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്,'' മന്ത്രാലയ വക്താവ് റെസ തലായി-നിക്ക് പറഞ്ഞു

author-image
Biju
New Update
mojtaba 2

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മൊജ്താബ ഖമനയിയെ തിരഞ്ഞെടുത്തതായി സുചന. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ് ഭരണത്തിന്റെ ചുമതല. മതപണ്ഡിതന്‍ ആയത്തുല്ല അലി റിസാ അറാഫിയെ മൂന്നംഗ പരമോന്നത സമിതിയിലേക്ക് ഇറാന്‍ നിയോഗിച്ചിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, നീതിന്യായ പണ്ഡിതന്‍ ഗുലാം ഹുസൈന്‍ മുഹ്‌സനി ഇസെയ് എന്നിവരാണ് മറ്റംഗങ്ങള്‍.

അതിനിടെ, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഒരു നീണ്ട യുദ്ധത്തിന് ഇറാന്‍ തയാറാണെന്നും ഇതുവരെ അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ''ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്തതിനെക്കാള്‍ കൂടുതല്‍ കാലം പ്രതിരോധിക്കാനും ആക്രമണാത്മക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്,'' മന്ത്രാലയ വക്താവ് റെസ തലായി-നിക്ക് പറഞ്ഞു. ''ഞങ്ങളുടെ എല്ലാ നൂതന ആയുധങ്ങളും ഉപകരണങ്ങളും ആദ്യ ദിവസങ്ങളില്‍ തന്നെ ഉപയോഗിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഎസ് കോണ്‍സുലേറ്റ് അക്രമിക്കാന്‍ ശ്രമം. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപമുള്ള പ്രദേശത്ത് നിന്ന് പുക ഉയരുന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീപിടുത്തം നിയന്ത്രിക്കാന്‍ സാധിച്ചതായി ദുബായ് അധികൃതര്‍ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ല. നേരത്തെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നിരുന്നു.

യുഎസും ഇസ്രയേലും അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു. ''അന്താരാഷ്ട്ര നിയമത്തിന് പുറത്ത് നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചു. അത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല,' ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. എന്നാല്‍ ഈ സാഹചര്യത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ടെഹ്റാനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.