മാസങ്ങൾക്ക് ശേഷം സ്റ്റാ‍ർലൈനർ പേടകം ഭൂമിയിൽ ലാൻഡ് ചെയ്തു

ത്രസ്റ്ററുകളിലെ പ്രശ്നം പരിഹരിക്കാൻ പഠിച്ച പണിയെല്ലാം നോക്കി അപകടം തിരിച്ചറിഞ്ഞ ശേഷമാണ് നാസ ഈ തീരുമാനത്തിലെത്തിയത്.

author-image
Anagha Rajeev
New Update
starliner
Listen to this article
0.75x1x1.5x
00:00/ 00:00

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാർലൈനർ പേടകം ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ് സെപെയ്സ് ഹാർബറിൽ രാവിലെ 9:37ഓടെയാണ് പേടകം ഭൂമിയിൽ ഇറങ്ങിയത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പേടകം ഭൂമിയിൽ ലാൻഡ് ചെയ്തത്.

സമീപകാല മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തിൽ എറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ട ദൗത്യമാണ് അവസാന നിമിഷം വിജയിച്ചത്. നേരത്തെ, ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെട്ടത്. 2024 ജൂൺ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചതായിരുന്നു ബോയിംഗിൻറെ സ്റ്റാർ‌ലൈനർ പേടകം.

‘ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്’ എന്നായിരുന്നു ഈ ദൗത്യത്തിൻറെ പേര്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. വിക്ഷേപണ ശേഷം പേടകത്തിൻറെ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി.  ബഹിരാകാശ യാത്രികരുടെ മടക്കയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങൾ നീണ്ടു.

യാത്രക്കാരെ 2025 ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ തിരിച്ചെത്തിക്കാൻ നാസ തീരുമാനിച്ചിരുന്നു. ത്രസ്റ്ററുകളിലെ പ്രശ്നം പരിഹരിക്കാൻ പഠിച്ച പണിയെല്ലാം നോക്കി അപകടം തിരിച്ചറിഞ്ഞ ശേഷമാണ് നാസ ഈ തീരുമാനത്തിലെത്തിയത്. സുനിതയും ബുച്ചും ഇതേ പേടകത്തിൽ മടങ്ങിയാൽ ജീവൻ അപകടത്തിലായേക്കും എന്ന കനത്ത ആശങ്ക ശാസ്ത്ര സാങ്കേതിക ലോകത്ത് ഉയർന്നിരുന്നു. യാത്രികരില്ലാതെ മടങ്ങുന്ന സ്റ്റാർലൈനർ പോലും ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുമോ എന്ന ആശങ്കയും ശക്തമായിരുന്നു. അങ്ങനെ നീണ്ട പ്രതിസന്ധികൾക്കൊടുവിൽ പേടകം ഭൂമി തൊടുകയായിരുന്നു.

boeings starliner