ദമാസ്‌ക്കസ് : അസദ് സര്‍ക്കാര്‍ വീണിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍, സിറിയയില്‍ നിന്നു വരുന്നത് ഹൃദയഭേദകമായ വാര്‍ത്തയാണ്.സിറിയയില്‍ നിന്ന് കാണാതായ 100,000 ആളുകളില്‍ മിക്കവരും മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.സിറിയന്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ ഡയറക്ടര്‍ ഫാദല്‍ അബ്ദുല്‍ ഘാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിറിയയില്‍ വര്‍ഷങ്ങളായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതും ഒരു തുമ്പുമില്ലാതെ അപ്രത്യക്ഷമായവരുടെ വലിയൊരു ലിസ്റ്റ് എസ്എന്‍എച്ച്ആര്‍ തയ്യാറാക്കിയിരുന്നു. ഓരോ ജയിലില്‍ നിന്നും കഴിയുന്നത്ര തടവുകാരെ മോചിപ്പിച്ചതായും എസ്എന്‍എച്ച്ആര്‍ വ്യക്തമാക്കുന്നു.
അസദ് ഭരണകൂടം ഏകദേശം 136,000ത്തോളം പേരെ ബലം പ്രയോഗിച്ച് തടവിലാക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ടെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ 5000-ത്തിലധികം കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്ന് അബ്ദുല്‍ ഘാനി പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ പരമാവധി 31,000 പേരെയാണ് ജയിലില്‍ മോചിപ്പിച്ചതെന്ന് എസ്എന്‍എച്ച്ആര്‍ വെളിപ്പെടുത്തുന്നു. കാണാതായവരില്‍ മിക്കവരും കൊടിയപീഡനത്തിനിരയായി കൊല്ലപ്പെട്ടുവെന്നാണ് അബ്ദുള്‍ ഗാനിയുടെ നിഗമനം. കാണാതായ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി സിറിയക്കാര്‍ ജയിലുകളിലും ആശുപത്രികളിലും തിരച്ചില്‍ നടത്തുകയാണ്. സിറിയയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലായ സെദ്നയയില്‍ 10,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നു അബ്ദുള്‍ ഘാനി പറയുന്നു. ഇവിടെ നിന്ന് ഏകദേശം 1,600 തടവുകാരെയാണ് മോചിപ്പിച്ചത്.
നിരവധി മൃതദേഹങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ആളുകള്‍ മുഖം പൊത്തിയാണ് മോര്‍ച്ചറിയില്‍ നിന്ന് പുറത്തിറങ്ങുന്നതെന്ന് അല്‍-മുജ്താഹിദ് ആശുപത്രിയിലെ ഡോക്ടര്‍ ഷാദ് ബൗ ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദമാസ്‌ക്കസിനു പുറത്തുള്ള ഗ്രാമപ്രദേശത്തെ ഒരു ആശുപത്രിയില്‍ നിന്ന് 35 ഓളം മൃതദേഹങ്ങളാണ് ഇവിടെ കൊണ്ടുവന്നത്.
അവരെല്ലാം സെദ്നാ ജയിലില്‍ നിന്നുള്ളവരാണെന്നും അവരുടെ വസ്ത്രങ്ങള്‍ തടവുകാരുടേതായിരുന്നു എന്നും ഡോക്ടര്‍ പറഞ്ഞു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന പല മൃതദേഹങ്ങള്‍ക്കും ഒരു മാസത്തോളം പഴക്കമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. മിക്കവരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അവരുടെ മൃതശരീരങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ഡോക്ടര്‍ പറയുന്നു.
അസദ് ഭരണകൂടം തടവിലാക്കിയിരുന്ന 38 പേരുടെ മൃതദേഹങ്ങളാണ് മുസ്താഹിത് ആശുപത്രിയിള്‍ ഉള്ളത്. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് മിക്കവരും മരണത്തിനു കീഴടങ്ങിയതെന്നതിനാല്‍, മുഖങ്ങള്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. ഏതാനും പേര്‍ കൊല്ലപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞതിനാല്‍ മുഖങ്ങള്‍ ദ്രവിച്ച് തുടങ്ങിയിട്ടുണ്ട്. ആശുപത്രി മോര്‍ച്ചറിയും ബോഡി ബാഗുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അന്വേഷിച്ച് ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
മെലിഞ്ഞ് ശോഷിച്ചവയാണ് മൃതദേഹങ്ങള്‍ എല്ലാം തന്നെ. സാരമായ ചതവുകളും ഒടിവുകളും ഉള്‍പ്പെടെ മര്‍ദനത്തിന്റെ പാടുകള്‍ എല്ലാ മൃതദേഹങ്ങളിലും ഉണ്ട്. മരിച്ചവരില്‍ ഒരാള്‍ ഡയപ്പര്‍ ധരിച്ചിരുന്നു. മറ്റൊരാളുടെ നെഞ്ചില്‍ ഉടനീളം സ്റ്റിക്കര്‍ ടേപ്പ് ഒട്ടിച്ചിരിക്കുന്നു. ജയിലില്‍ ഉപയോഗിച്ചിരുന്ന നമ്പര്‍ ഈ ടേപ്പ് കൊണ്ട് നെഞ്ചില്‍ ഒട്ടിച്ചിട്ടുണ്ട്.
ഫോട്ടോകള്‍ കണ്ട് ഉറ്റവരെ തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ മോര്‍ച്ചറിയില്‍ എത്തി മൃതദേഹങ്ങള്‍ നേരിട്ടും പരിശോധിക്കുന്നുണ്ട്. പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ എന്തെങ്കിലും അടയാളങ്ങള്‍ ശരീരത്തില്‍ അവശേഷിക്കുണ്ടോ എന്നാണവര്‍ തിരയുന്നത്. എന്നിട്ടും തിരിച്ചറിയാന്‍ ആകാതെ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് മടങ്ങുന്നവരുമുണ്ട്. ഒരു പതിറ്റാണ്ടിനോ അതിന് മുന്‍പോ അസദ് ഭരണകൂടം തടവിലാക്കിയവരുടെ ബന്ധുക്കളും ആശുപതിയില്‍ എത്തുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
