മോസ്കോ: 133 പേരുടെ ജീവനെടുത്ത മോസ്കോ ഭീകരാക്രമണത്തിൽ ഐ.എസിന് യുക്രെയ്ന്റെ സഹായം ലഭിച്ചതായി റഷ്യ.യുക്രെയ്ന്റെ സഹായത്തോടെയാണ് ആക്രമണം നടന്നതെന്നും ഇതിനു വലിയ വിലനൽകേണ്ടി വരുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി.അതേസമയം ആരോപണം നിഷേധിച്ച് യുക്രെയ്ൻ രംഗത്തെത്തിയിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണശേഷം പ്രതികൾ യുക്രെയ്നിലേക്കാണ് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. യുക്രെയ്ൻ അധികൃതരുമായി ആയുധധാരി ബന്ധപ്പെട്ടിരുന്നുവെന്നും യുക്രെയ്ൻ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി.അതെസമയം ഈ ആക്രമണത്തിൻ്റെ പൂർണ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുക്കുന്നെന്നും യുക്രെയ്ൻ പങ്കാളിത്തം ഉണ്ടായിട്ടില്ലെന്നും ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സൺ പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ച മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. വലിയ ഹാളിൽ സംഗീത പരിപാടിക്കിടെ ആയുധധാരികൾ ആൾക്കൂട്ടത്തിനു നേരെ വെടിവെപ്പ് നടത്തുകയും ബോംബാക്രമണം നടത്തുകയുമായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് 133 പേരുടെ മൃതദേഹങ്ങൾ അധികൃതർ കണ്ടെത്തിയത്. ചിലർ വെടിയേറ്റാണ് മരിച്ചത്. മറ്റു ചിലർ സ്ഫോടനത്തിലും. സംഗീത പരിപാടി നടന്ന ഹാളിൽ തോക്കുധാരി പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു.അതെസമയം ഇതിൽ 28 മൃതദേഹങ്ങൾ ഹാളിലെ ടോയ്‍ലറ്റിൽ നിന്നാണ് കണ്ടെടുത്തത്. 14 പേരുടേത് സ്റ്റെയർ കേസിൽ നിന്നും. ഗുരുതര പരിക്കേറ്റ 107 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.