യൂറോപ്പില്‍ ഹമാസിന്റെ വളര്‍ച്ച, ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തെന്ന് മൊസാദ്

വിയന്നയില്‍ കണ്ടെത്തിയ ആയുധങ്ങള്‍ ഹമാസ് ബന്ധമുള്ള മുഹമ്മദ് നയീമിന്റേതായിരുന്നു. ഹമാസ് പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗമായ ബാസെം നയീമിന്റെ മകനാണ് മുഹമ്മദ് നയീം. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജര്‍മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടന്നത്.

author-image
Biju
New Update
mosad

ജറുസലേം: യൂറോപ്പില്‍ ഹമാസിന്റെ വന്‍ ഭീകര ശൃംഖല പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രയേല്‍ ചാരസംഘടന മൊസാദ്. ഹമാസ് ബന്ധമുള്ളവരെ യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായത്തോടെ അറസ്റ്റു ചെയ്തതെന്നും ആയുധങ്ങള്‍ കണ്ടെത്തിയെന്നും മൊസാദ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേല്‍ പൗരന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമങ്ങളും ചെറുത്തു.

ജര്‍മനി, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് റെയ്ഡുകള്‍ നടന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കായി സംഭരിച്ചിരുന്ന സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതോടെയാണ് ഹമാസിന്റെ ഭീകര ശൃംഖല സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.

വിയന്നയില്‍ കണ്ടെത്തിയ ആയുധങ്ങള്‍ ഹമാസ് ബന്ധമുള്ള മുഹമ്മദ് നയീമിന്റേതായിരുന്നു. ഹമാസ് പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗമായ ബാസെം നയീമിന്റെ മകനാണ് മുഹമ്മദ് നയീം. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജര്‍മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടന്നത്. സെപ്റ്റംബറില്‍ മുഹമ്മദ് നയീം പിതാവുമായി ഖത്തറില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നു മൊസാദ് പറയുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യൂറോപ്പിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഹമാസ് നേതൃത്വം അനുമതി നല്‍കിയെന്നും ഖത്തറിലാണ് ആസൂത്രണം നടന്നതെന്നും മൊസാദ് പറയുന്നു. 

ഭീകരപ്രവര്‍ത്തനത്തിനു തുര്‍ക്കിയില്‍നിന്ന് ഹമാസിനു സഹായം ലഭിക്കുന്നതായും മൊസാദ് അവകാശപ്പെടുന്നു. ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചു. 2024 ഒക്ടോബര്‍ 7ന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിനുശേഷമാണ് യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഹമാസ് ശക്തമാക്കിയതെന്നും മൊസാദ് പറഞ്ഞു.