/kalakaumudi/media/media_files/2025/10/20/mosambik-2025-10-20-19-16-30.jpg)
തിരുവനന്തപുരം: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബെയ്‌റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം നടുവിലക്കര ഗംഗയില്‍ ശ്രീരാഗ് രാധാകൃഷ്ണന്റെ (35) മൃതദേഹം കണ്ടെത്തി. കപ്പല്‍ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്. പി.പി.രാധാകൃഷ്ണന്‍ഷീല ദമ്പതികളുടെ മകനാണ്. ഭാര്യ: ജിത്തു. മക്കള്‍: അതിഥി (5), അനശ്വര (9).
ഏഴു വര്‍ഷമായി കപ്പലില്‍ ജോലി ചെയ്യുന്ന ശ്രീരാഗ് 3 വര്‍ഷം മുന്‍പാണ് മൊസാംബിക്കില്‍ ജോലിക്ക് എത്തുന്നത്. ആറുമാസം മുന്‍പ് രണ്ടാമത്തെ കുഞ്ഞിനെ ആദ്യമായി കാണാന്‍ നാട്ടിലെത്തിയ ശ്രീരാഗ് ഈ മാസം ആറിനാണ് തിരിച്ചു പോയത്. മകന്റെ തിരിച്ചു വരവിനായി മാതാപിതാക്കളായ പി.പി.രാധാകൃഷ്ണനും ഷീലയും ഭാര്യ ജിത്തുവും സഹോദരനും അടക്കം ബന്ധുക്കള്‍ ഗംഗയില്‍ വീട്ടില്‍ പ്രാര്‍ഥനയോടെ കഴിയുകയായിരുന്നു. അവസാനമായി 16ന് രാത്രി വീട്ടിലേക്ക് ഫോണ്‍ വിളിച്ച്, എല്ലാവരുമായി ശ്രീരാഗ് സംസാരിച്ചിരുന്നു. പിറ്റേദിവസം പുലര്‍ച്ചെയാണ് അപകടം. ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ശ്രീരാഗ് കപ്പലിലെ ഇലക്ട്രോ ടെക്നിക്കല്‍ ഓഫിസറായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മൊസാംബിക്കില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടത്. തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്കു ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണു മുങ്ങിയത്. ബോട്ടിലെ ജോലിക്കാരും കപ്പലില്‍ ജോലിക്കു കയറേണ്ടവരും ഉള്‍പ്പെടെ 21 പേരാണു ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടില്‍നിന്ന് 13 പേരെ രക്ഷപ്പെടുത്തി.