എംപോക്സ് പുതിയ വകഭേദമായ clade Ib കൂടുതൽ തീവ്രമാണെന്നും വേഗത്തിൽ പടരുന്നുവെന്നും ഗവേഷകർ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടരുന്ന വകഭേദം മൂലം ഈവർഷം മാത്രം 615 പേർ മരിക്കുകയും 18,000 പേരിൽ രോഗംസ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതിവേഗത്തിലാണ് വൈറസിന് ജനിതകവ്യതിയാനം സംഭവിക്കുന്നതെന്നും ഇത് ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനുമുള്ള പരിശ്രമങ്ങൾക്ക് തടസ്സമാകുന്നുവെന്നും വിദഗ്ധർ പറയുന്നു. നിലവിലെ എംപോക്സ് വ്യാപനത്തേക്കുറിച്ച് ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങൾക്ക് ഊന്നൽ നൽകണമെന്നും വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കണമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
അതേസമയം, രോഗസ്ഥിരീകരണം നടത്താനുള്ള ടെസ്റ്റുകൾക്ക് ആവശ്യമായ കെമിക്കലുകൾ പോലും നിലവിൽ ആഫ്രിക്കയിലെ ലബോറട്ടറികളിൽ പരിമിതമാണെന്നാണ് റിപ്പോർട്ടുകളുള്ളത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് പുറമെ സ്വീഡൻ, തായ്ലന്റ്,പാക്സിതാൻ എന്നീ രാജ്യങ്ങളിലും എംപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
2022 മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്.
നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നില്‍. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളില്‍ നിന്നായി 100,000 പേരെയാണ് രോഗം ബാധിച്ചത്.