ലഷ്‌കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുള്‍ റഹ്മാന്‍ മക്കി മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതംമൂലം ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരില്‍ ഒരാളായിരുന്നു കൊടുംകുറ്റവാളിയായ അബ്ദുള്‍ റഹ്മാന്‍ മക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
2019 മേയില്‍ പാകിസ്താന്‍ സര്‍ക്കാര്‍ മക്കിയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയിരുന്നു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസുകളില്‍ പാക് കോടതി ഇയാളെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 2023 ജനുവരിയിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ (യു.എന്‍.എസ്.സി) മക്കിയെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചത്.
രാജ്യത്തെ ആഭ്യന്തര നിയമപ്രകാരം ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ ഇയാളെ ഭീകരവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരേ പ്രത്യേകിച്ചും ജമ്മു കശ്മീരിനെതിരേ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുക, യുവാക്കളെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുക, റിക്രൂട്ട് ചെയ്യുക, ലഷ്‌കറെ തൊയ്ബയുടെ (എല്‍.ഇ.ടി.) ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.