മുംബൈ ഭീകരാക്രമണം : ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള തഹാവൂര്‍ റാണയുടെ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി

പാക് വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. ഷിക്കാഗോയില്‍ താമസിച്ചുവന്നിരുന്ന ഇയാളെ 2011 ലാണ് ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

author-image
Anitha
New Update
joiuwew

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് 26 /11മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണ നല്‍കിയ ഹര്‍ജി യു.എസ്. സുപ്രീം കോടതി തള്ളി. ഹോട്ടലുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, മുംബൈയിലെ ഒരു ജൂതകേന്ദ്രം എന്നിവിടങ്ങളില്‍ മൂന്ന് ദിവസങ്ങളായി നടന്ന ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പാക് വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. ഷിക്കാഗോയില്‍ താമസിച്ചുവന്നിരുന്ന ഇയാളെ 2011 ലാണ് ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് 13 കൊല്ലത്തെ ജയില്‍ശിക്ഷയും ലഭിച്ചു. ലോസ് ആഞ്ജിലിസിലെ മെട്രോപോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇയാളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്.

റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഈ ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷ യു.എസ്. സുപ്രീംകോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു. പാകിസ്താനില്‍ ജനിച്ച മുസ്ലിമായതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണ അപേക്ഷ സമര്‍പ്പിച്ചത്.

Terrorist attack america mumbai attack